SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മിനുറ്റ് ഗോളുകൾ ആവർത്തിക്കുന്നു‌‌. ഇന്ന് ജംഷദ്പൂർ എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന മിനുറ്റ് ഗോളിലൂടെ പരാജയത്തിൽ നിന്ന് രക്ഷപെട്ടത്. മത്സരത്തിന്റെ തൊണ്ണൂറാം മിനുറ്റ് വരെ പിന്നിൽ നിന്ന നോർത്ത് ഈസ്റ്റ് അവസാന നിമിഷ ഗോളിലൂടെ സമനില പിടിക്കുകയും, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറുകയുമായിരുന്നു. സമനിലയോടെ 11 പോയിന്റായ ജംഷദ്പൂർ എഫ് സി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ജംഷദ്പൂരിന്റെ മുന്നേറ്റമായിരുന്നു കളിയുടെ ആദ്യ മിനുറ്റുകളിൽ കണ്ടത്. സ്വന്തം ഗ്രൗണ്ടിൽ ആധിപത്യത്തോടെ കളിച്ച അവർ, ഇരുപത്തിയെട്ടാം മിനുറ്റിൽ ഗോളിലുമെത്തി. ബോക്സിനുള്ളിൽ ഫറൂഖ് ചൗധരി നൽകിയ പന്ത് ഒരു ഹാഫ് വോളിയിലൂടെ വലയിലെത്തിച്ച് സെർജിയോ കാസ്റ്റലാണ് ടീമിനെ മുന്നിലെത്തിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ട് മു‌ൻപ് വരെ ഈ ലീഡ് ജംഷദ്പൂർ തുടർന്നെങ്കിലും തൊണ്ണൂറാം മിനുറ്റിൽ ട്വിസ്റ്റ് സംഭവിച്ചു. ട്രയാഡിസ് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് സമനിലയിലെത്തി. സൂപ്പർ താരം അസമോവ ഗ്യാൻ ബോക്സിലേക്ക് നൽകിയ ഹെഡറിൽ നിന്നായിരുന്നു ട്രയാഡിസിന്റെ ഈ ഗോൾ.