SHARE

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ഷൻ മാനദണ്ഡങ്ങളിലൊന്നാണ് യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെടുന്നവരെ ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാറില്ല‌. താരങ്ങളുടെ ഫിറ്റ്നസ് വർധനവിനും മറ്റും ഈ ടെസ്റ്റ് വളരെയധികം ഉപകാരപ്രദമാണ്. ഇപ്പോളിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചുവട് പിടിച്ച് യോ-യോ ടെസ്റ്റ് പ്രാബല്യത്തിൽ കൊണ്ടു വരാനൊരുങ്ങുകയാണ് ജാർഖണ്ട് ക്രിക്കറ്റ് ടീം.

ഈ അഭ്യന്തര സീസൺ മുതലാകും ജാർഖണ്ട് ക്രിക്കറ്റിൽ യോ-യോ ടെസ്റ്റ് നടപ്പിലാക്കിത്തുടങ്ങുക. ഇനി മുതൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് ജാർഖണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി യോ-യോ ടെസ്റ്റ് നടത്തും. അതിൽ വിജയിക്കുന്നവരെ മാത്രമേ ടീം സെലക്ഷനിൽ പരിഗണിക്കൂ. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം തങ്ങളുടെ ടീം സെലക്ഷന് യോ-യോ ടെസ്റ്റ് ഒരു പ്രധാന മാനദണ്ഡമാക്കാൻ പോകുന്നത്.

-Advertisement-

ഈ വർഷം സെപ്റ്റംബറിലാകും ജാർഖണ്ട് ക്രിക്കറ്റിലെ ആദ്യ യോ-യോ ടെസ്റ്റ് നടക്കുക. താരങ്ങളെല്ലാം നിർബന്ധമായും യോ-യോ ടെസ്റ്റിൽ പങ്കെടുക്കണമെന്ന് അവരെ അറിയിച്ചതായി ജാർഖണ്ട് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ദേബാഷിഷ് ചക്രബർത്തി മാധ്യമങ്ങളോട് വ്യക്തമാക്കി.