SHARE

മത്സരഫലമല്ല, മറിച്ച് ടീമിന്റെ പ്രകടനം എങ്ങനെയാണെന്നാണ് സൗഹൃദ മത്സരങ്ങളിൽ നോക്കേണ്ടതെന്ന് ഇന്ത്യൻ പ്രതിരോധ ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ. അടുത്ത ദിവസം കരുത്തരായ ചൈനക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനായുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെ സംസാരിക്കുകയായിരുന്നു ജിങ്ക‌ൻ.

” മത്സരഫലങ്ങളല്ല, മറിച്ച് ടീമുകളുടെ പ്രകടനമാണ് സൗഹൃദ മത്സരങ്ങളിൽ നാം ശ്രദ്ധിക്കേണ്ടത്. സൗഹൃദ മത്സരത്തിൽ ടീം കാഴ്ച വെക്കുന്ന പ്രകടനം എങ്ങനെയാണോ, അതിനാണ് കൂടുതൽ പ്രാധ്യാനം. നമ്മൾ എങ്ങനെ ഒരു ടീമായി കളിക്കുന്നുണ്ടെന്നും, ടീമെന്ന നിലയിൽ നമ്മൾ എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ്‌സൗഹൃദ മത്സരങ്ങളിൽ‌ പ്രധാനമായും നോക്കേണ്ടത്”. ജിങ്കൻ പറയുന്നു.

അതേ സമയം നാളെയാണ് ചൈനക്കെതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾമത്സരം. ഇന്ത്യയും ചൈനയും ഏറ്റുമുട്ടുന്ന പതിനെട്ടാമത്തെ ഫുട്ബോൾ മത്സരമാണിത്. മുൻപ് 17 തവണ ഇരുവരും നേർക്ക് നേർ വന്നപ്പോൾ 12 തവണയും വിജയം ചൈനക്കൊപ്പമായിരുന്നു. അഞ്ചെണ്ണം സമനിലയിലായി. 1997 ഏപ്രിൽ പതിനൊന്നാം തീയതി കൊച്ചിയിൽ നടന്ന നെഹ്‌റു കപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിലായിരുന്നു ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. ഇന്ത്യൻ ഇതിഹാസതാരം ബൈചുംഗ് ബൂട്ടിയ ഗോൾ നേടിയ അന്നത്തെ മത്സരത്തിൽ ഇന്ത്യ പക്ഷേ 2-1 ന് പരാജയപ്പെടുകയായിരുന്നു.