SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്നാണ് ഡച്ചുകാരനായ റെനെ മ്യൂളൻസ്റ്റീൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്നത്. സ്ഥാനം വിട്ട ശേഷം ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനെ വിമർശിച്ച് മ്യൂളൻസ്റ്റീൻ രംഗത്ത് വന്നിരുന്നു. ജിങ്കൻ പ്രൊഫഷണലിസം തൊട്ടു തീണ്ടിയില്ലാത്ത കളികാരനാണെന്നും, ഗോവയ്ക്കെതിരായ തോൽ വിക്ക് ശേഷം പുലർച്ചെ വരെ അദ്ദേഹം മദ്യപിക്കുകയായിരുന്നുവെന്നും, ബെംഗളൂരുവിനെതിരായ മത്സരം അദ്ദേഹം മനപൂർവ്വം തോൽ പിക്കുകയായിരുന്നുവെന്നും റെനെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ റെനെയെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ മുന്നോട്ട് വന്നിരുന്നു‌. എങ്കിലും ജിങ്കൻ ഇതിനോട് പ്രതികരിച്ചിരുന്നില്ല, ഇപ്പോളിതാ റെനെ ഉയർത്തിവിട്ട വിമർശനങ്ങളോട് കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ ജിങ്കൻ ആദ്യമായി പ്രതികരിക്കുന്നു.

ജിങ്കൻ മദ്യപാനിയാണെന്ന റെനെയുടെ ആരോപണത്തിന് അത് പച്ചക്കള്ളമാണെന്നും, താൻ അങ്ങനെയൊരു ആളേ അല്ലെന്നും, ഇത് പോലൊരു കാമ്പില്ലാത്ത വാർത്ത ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചത് തന്നെ ഏറെ അദ്ഭുതപ്പെടുത്തുന്നതാണെന്നും ജിങ്കൻ പറയുന്നു. മാധ്യമങ്ങൾ തങ്ങൾക്കുള്ള അധികാരങ്ങൾ നല്ല കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം ഇത് പോലുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരാളുടെ വ്യക്തി ജീവിതത്തിൽ എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ…ജിങ്കൻ ചോദിക്കുന്നു. റെനെയെ താൻ ഇപ്പോളും ബഹുമാനിക്കുന്നു, എന്റെ മുമ്പിൽ ഇപ്പോളും ധൈര്യത്തോടെ വന്ന് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുകയാണെങ്കിൽ ഞാൻ അതിൽ ഏറെ സന്തോഷവാനായിരിക്കും. ജിങ്കൻപറഞ്ഞ് നിർത്തി.

ഗോവയ്ക്കെതിരെ നടന്ന മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ജിങ്കന്റെ മറുപടി ഇതായിരുന്നു. ” റെനെ പറയുന്നു ഞാൻ പുലർച്ചെ നാല് മണി വരെ മദ്യപിക്കുകയായിരുന്നുവെന്ന്. എന്റെ മുറിയിലെ വീഡിയോ ഫൂടേജ് പരിശോധിച്ച് നോക്കൂ, ഞാൻ അവിടെക്കിടന്ന് ഉറങ്ങുന്നത് നിങ്ങൾക്ക് കാണാം. കുട്ടിക്കാലം മുതൽ ഏറെ കഷ്ടപ്പെട്ടും സഹിച്ചുമാണ് താൻ ഇവിടെ വരെയെത്തിയത്. അങ്ങനെയുള്ള ഞാൻ ഇത് പോലുള്ള പ്രവൃത്തികളിലൂടെ സ്വന്തം കരിയർ നശിപ്പിക്കാൻ ഒരിക്കലും ശ്രമിക്കില്ല.

ബെംഗളൂരു എഫ് സിക്കെതിരെയുള്ള മത്സരത്തിൽ ജയിക്കാൻ ജിങ്കന് താല്പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു മ്യൂളൻസ്റ്റീന്റെ മറ്റൊരു കുറ്റപ്പെടുത്തൽ. അതിന് ജിങ്കന്റെ മറുപടി ഇപ്രകാരമായിരുന്നു. ” ഈ ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങൾ കളിക്കുമ്പോൾ താൻ പരിക്കിന്റെ പിടിയിലായിരുന്നു. പക്ഷേ ഞാൻ അതിന് ആരോടും പരാതിയോ, ഒഴികഴിവോ പറഞ്ഞില്ല. ടീമിന്റെ ജയമായിരുന്നു അന്ന് തന്റെ മുന്നിലുണ്ടായിരുന്ന ഏകലക്ഷ്യം.

ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. എന്റെ മുൻ ക്ലബ്ബായിരുന്നു അതെന്ന് മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളാണ് അവരെന്നതും, പുതുവർഷത്തലേന്നാണ് മത്സരമെന്നതും കൊണ്ട് തന്നെ ആ കളിയിൽ എങ്ങനെയും വിജയം നേടാനായാണ് ഞങ്ങൾ കളിച്ചത്. അങ്ങനെയൊരു മത്സരത്തിൽ താൻ മനപൂർവ്വം പന്ത് ഹാൻഡ് ചെയ്തു എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്.

കരിയറിൽ ആദ്യമായാണ് ഒരാൾ കളിക്കളത്തിലെ തന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നത്. റെനെ പറയുന്നത് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ താൻ മത്സരം തോൽക്കാൻ ആഗ്രഹിച്ചു എന്നാണ്. അങ്ങനെയാണെങ്കിൽ മുൻപ് ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തിൽ സ്വന്തംപകുതിയിൽ നിന്ന് ഓടിക്കയറി ഗോൾ നേടാൻ സി.കെ വിനീതിന് താൻ ക്രോസ് നൽകുമായിരുന്നോ‌, അദ്ദേഹത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.‌ ജിങ്കൻ പറഞ്ഞു നിർത്തി.

വിവാദ സമയങ്ങളിൽ കൂടെ നിന്ന ആരാധകരോടും സഹതാരങ്ങളോടും നന്ദിയുണ്ടെന്ന് പറഞ്ഞ ജിങ്കൻ, വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനലിലെത്തുമെന്നും ആരാധകർക്ക് ഉറപ്പ് നൽകി.