SHARE

ഐ എസ് എല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന് ഏറെ കരുത്ത് പകര്‍ന്നിട്ടുള്ളത് അവരുടെ പ്രതിരോധനിര തന്നെയാണ്. ഈ സീസണിലും ഒരു മത്സരത്തിലൊഴികെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര നടത്തിയിട്ടുള്ളത്. ആരാധകരുടെ വല്യേട്ടനായിരുന്ന ഫ്രഞ്ച് താരം സെഡ്രിക് ഹെംഗ്‌ബേര്‍ട്ടും അയര്‍ലാന്‍ഡ് ദേശീയ താരം ആരോണ്‍ ഹ്യൂസുമെല്ലാം അവസാനിപ്പിച്ച് വെച്ചിടത്ത് നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ യുവ പ്രതിരോധനിര കളി തുടങ്ങിയിട്ടുള്ളത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെസ് ബ്രൗണിനെ കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ മധ്യനിരയില്‍ ഇറക്കി കളിപ്പിക്കുമ്പോള്‍ പ്രതിരോധത്തെ നയിക്കുന്നത് സന്ദേശ് ജിങ്കനും സെര്‍ബിയന്‍ യുവതാരം നെമാഞ്ച ലാകിച്ച് പെസിച്ചും ചേര്‍ന്നാണ്. ആറു മത്സരങ്ങള്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഏഴു ഗോള്‍ വഴങ്ങിയിട്ടുണ്ടെങ്കിലും, ഇതില്‍ അഞ്ചും വഴങ്ങിയത് പ്രതിരോധത്തോടൊപ്പം ടീം ഒന്നടങ്കം പരാജയപ്പെട്ട, എഫ് സി ഗോവക്കെതിരെയുള്ള മത്സരത്തിലാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും ഈ പ്രതിരോധനിര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ റിനോ ആന്റോയും ലാല്‍ റാവുത്തരയും പ്രതിരോധത്തില്‍ ജിങ്കനും പെസിച്ചിനും പറ്റിയ കൂട്ടാളികളാണെന്നും തെളിയിച്ചു.

പെസിച്ചുമായുള്ള മികച്ച കൂട്ടുകെട്ടിനെ കുറിച്ച് ജിങ്കന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ‘ ലാകിച്ച് പെസിച്ചിനോടൊപ്പം കളിക്കുന്നത് ഒരുപാട് ആസ്വദിക്കുന്നു. ആ ഗോവക്കെതിരെ നടന്ന മത്സരത്തിലൊഴികെ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞാന്‍ പെസിച്ചിലും അദ്ദേഹം എന്നിലും വിശ്വാസമര്‍പ്പിക്കുന്നുണ്ട്, അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’ – ഐ എസ് എല്‍ ആദ്യ സീസണിലെ ഏമേര്‍ജിംഗ് പ്ലേയര്‍ കൂടിയായ ജിങ്കന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്തായാലും ഇനി നിര്‍ണ്ണായകമായ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. പുതുവര്‍ഷത്തലേന്ന് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളുരു എഫ് സിയെ സ്വന്തം നാട്ടില്‍ നേരിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിടിപ്പത് ജോലിയുണ്ടാവും. കാരണം, ലീഗില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് ടീം മൊത്തത്തില്‍ നേടിയതിനേക്കാള്‍ ഒരു ഗോള്‍ അധികം അടിച്ചിട്ടുള്ള മിക്കുവിനെപ്പോലെയുള്ള താരങ്ങളാണ് ബെംഗളുരു നിരയില്‍ അണിനിരക്കുന്നത്. എന്നാല്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടക്ക് സാധിക്കുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് ആരാധകര്‍.