SHARE

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ സൂപ്പര്‍ സ്റ്റാറാണ് സന്ദേശ് ജിംഗനെന്ന പഞ്ചാബുകാരന്‍. കേരളത്തിന് പുറത്തു ജനിച്ച ഒരാളെ മലയാളനാട്ടിലെ ആരാധകര്‍ അടുത്ത കാലത്തൊന്നും ഇത്രമേല്‍ സ്‌നേഹിച്ചിട്ടുണ്ടാകില്ല. തനിക്ക് കേരളം സ്വന്തം വീടു പോലെയാണെന്ന് ജിംഗനും പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകന് പ്രെഫഷണല്‍ കരിയറിനെക്കുറിച്ച് പറയുമ്പോള്‍ ഗുരുവിനെ പോലെ കണക്കാക്കുന്ന ഒരാളുടെ പേരു മറക്കാറില്ല.

ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായ ബൈച്ചുംഗ് ബൂട്ടിയ. ഫുട്‌ബോള്‍ താരങ്ങളുടെ കരിയര്‍ നീര്‍ക്കുമിള പോലെയായിരുന്ന കാലത്ത് ജിംഗനെ പ്രെഫഷണല്‍ കരാര്‍ നല്കി വളര്‍ത്തിയ വ്യക്തിയാണ് ബൂട്ടിയ. 2011ല്‍ ജിംഗന്റെ പതിനെട്ടാം വയസിലാണ് ബൂട്ടിയയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം എഫ്‌സി താരത്തിന് കരാര്‍ നല്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായിരുന്ന തന്നെ പോലുള്ള കൗമാരക്കാരുടെ കരിയര്‍ ഒന്നുമല്ലാതെ പോയിരുന്ന കാലത്താണ് സിക്കിം ക്ലബ് അദേഹത്തിന് കരാര്‍ ഓഫര്‍ ചെയ്യുന്നത്.

അന്ന് ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ കളിക്കുന്നൊരു ക്ലബ് അത്തരത്തില്‍ അത്യാവശ്യം നല്ല പ്രതിഫലം നല്കി കളിക്കാരന് കരാര്‍ നല്കുന്നത് അത്ഭുതമായിരുന്നു. ഞാന്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ ബൂട്ടിയ ഭായിയ്ക്കാണ് അതിന്റെ ക്രെഡിറ്റ്. അദേഹം ഇല്ലായിരുന്നെങ്കില്‍ ഞാനെന്ന കളിക്കാരന്‍ ഉണ്ടാകില്ലായിരുന്നു- ജിംഗന്‍ പറയുന്നു.