SHARE

പ്രീസീസണ്‍ ടൂറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പരിക്കുന്ന പ്രചാരണത്തിനെതിരേ എം.എസ്. ജിതിന്‍ രംഗത്ത്. തന്നെ ഉപയോഗിച്ച് ആരും ബ്ലാസ്‌റ്റേഴ്‌സിനെ കരിവാരി തേക്കേണ്ടതില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ താരം വ്യക്തമാക്കി. ജിതിനെ മനപൂര്‍വം അവഗണിക്കുകയാണെന്ന മട്ടിലാണ് പ്രചാരണം നടന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിതിന്റെ പ്രതികരണം.

ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- എന്നെ സ്‌നേഹിക്കുന്നവരോട്, ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡില്‍ ഞാന്‍ ഇല്ലാത്തതായ് ബന്ധപ്പെട്ട് മെസേജുകള്‍ ആയും പോസ്റ്റുകള്‍ ആയും എന്നെ നിങ്ങളുടെ സ്‌നേഹം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം ഈ സീസണില്‍ എങ്ങനെ കളിക്കണം എന്ന് വ്യകതമായ പ്ലാനുള്ള ആളാണ് നമ്മുടെ കോച്ച്. അദ്ദേഹത്തിന്റെ പ്ലാനില്‍ എന്റേതായിട്ടുള്ള ഭാഗം എത്തുമ്പോള്‍ ഞാന്‍ ഗ്രൗണ്ടില്‍ ഉണ്ടാകും. അന്ന് നന്നായി പെര്‍ഫോം ചെയ്യാന്‍ നിങ്ങളുടെ ഈ സ്‌നേഹത്തിനെക്കാള്‍ മറ്റൊന്നിനും സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതിന് ഇടയില്‍ ഞാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട സ്റ്റോറിയുടെ ഒരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതായ് കണ്ടു. ഒരു ഫുട്‌ബോള്‍ ലവ്വര്‍ എന്ന നിലയില്‍ ഞാന്‍ സ്‌നേഹിക്കുന്ന ഒരു പ്ലെയറിന്റെ മോട്ടീവേഷണല്‍ വീഡിയോ ആണ് ഞാന്‍ ഇട്ടത്. നേരത്തെയും ഇട്ടിട്ടുണ്ട്. എന്നാല്‍ കിട്ടിയ അവസരം മുതലാക്കി ഞാന്‍ ഉള്‍പ്പെടുന്ന എന്റെ ടീമിനെ കരിവാരി തേക്കുക എന്ന ഉദ്ദേശത്തില്‍ അതിനെ ഉപയോഗിക്കുന്നത് മോശമായ കാര്യമാണ്. ദയവായി എന്നെ ഞാന്‍ സ്‌നേഹിക്കുന്ന ഒരു ടീമിനെ മോശമായി കാണിക്കാന്‍ ഉപയോഗിക്കരുത്. ഒന്ന് കൂടെ എന്നെ സ്‌നേഹിക്കുന്ന ഏത് സമയത്തും എന്റെ കൂടെ നില്‍ക്കുന്ന എന്റെ എല്ലാ സഹോദരന്മാര്‍ക്കും നന്ദി.