SHARE

ജർമൻ ദേശീയ ടീം പരിശീലകൻ ജോവാക്വിം ലോയുടെ ഭാവിയെക്കുറിച്ച് ഒടുവിൽ തീരുമാനമായി. ഈ വർഷം നടക്കുന്ന യൂറോ കപ്പിന് ശേഷം ലോ ജർമനിയുടെ പരിശീലകസ്ഥാനമൊഴിയും. ഇക്കാര്യത്തിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോ​ഗിക സ്ഥിരീകരണം നൽകി.

2008 മുതൽ ജർമനിയുടെ പരിശീലകനാണ് ലോ. 2014-ൽ ജർമനി ലോകകിരീടം ചൂടിയത് ലോയുടെ തന്ത്രങ്ങളുടെ മികവിലായിരുന്നു. എന്നാൽ 2018 ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ ലോയെ നീക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ 2022 ലോകകപ്പിലും ലോ തന്നെ ടീമിനെ ഒരുക്കുമെന്നായിരുന്നു ജർമൻ ഫുട്ബോൾ അധികൃതർ അറിയിച്ചത്. എന്നാൽ ഇതിനിടെ നടന്ന നേഷന്ഡസ് ലീ​ഗിലും, ലോകകപ്പ്, യൂറോപ്പ് യോ​ഗ്യതാപോരാട്ടങ്ങളിലേയും നിരാശപ്പെടുത്തുന്ന പ്രകടനത്തോടെയാണ് ലോയെ യൂറോ കപ്പോടെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ലോ പടിയിറങ്ങുന്നതോടെ അണ്ടർ 21-ടീം പരിശീലകൻ സ്റ്റെഫാൻ കുൻസ്, സീനിയർ ടീം ചുമതലയേൽക്കുമെന്നാണ് സൂചന. അതേസമയം യുർ​ഗൻ ക്ലോപ്പ്, ഹാൻസി ഫ്ലിക്ക് തുടങ്ങിയ വമ്പൻ പേരുകളും പരി​ഗണിക്കപ്പെടുന്നുണ്ട്. വിഖ്യാത പരിശീലകൻ ആഴ്സെൻ വെം​ഗറും പരി​ഗണിക്കപ്പെടുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ.