SHARE

ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബെംഗാളിൽ നിന്ന് ഐ എസ് എൽക്ലബ്ബായ എ ടികെ യിലേക്ക് മാറിയ മലയാളി സ്ട്രൈക്കർ ജോബി‌ ജസ്റ്റിന്റെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഈ‌സീസണിൽ ഈസ്റ്റ് ബെംഗാളിനായി തകർത്ത് കളിച്ച ജോബി, സീസണിനൊടുവിൽ ടീം മാറാൻ തീരുമാനിച്ചതിനെതിരെ ഈസ്റ്റ് ബെംഗാൾ ആരാധകർ വലിയ രോഷം പ്രകടനം നടത്തുന്നതിനിടയിലാണ് മലയാളി താരത്തെ പിന്തുണച്ച് ഐ എം വിജയൻ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഗോൾ ഡോട്ട്കോമിനോട് സംസാരിക്കവെയാണ് എ ടി കെ യിലേക്ക് മാറാനുള്ള‌ ജോബിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യൻ ഇതിഹാസ ഫുട്ബോളർ മുന്നോട്ട് വന്നത്. ജോബിയോട് ഈസ്റ്റ് ബെംഗാളിൽ ചേരാൻ താൻ പണ്ട് പറഞ്ഞിരുന്നുവെന്ന് പറഞ്ഞ വിജയൻ, ഐലീഗിൽ നന്നായി കളിച്ചാൽ ഐ എസ് എല്ലിൽ നിന്ന് മികച്ച ഓഫറുകൾ അദ്ദേഹത്തെ തേടി വരുമെന്നും താൻ ജോബിയോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി.

ഐ എം വിജയന്റെ വാക്കുകൾ ഇങ്ങനെ, “എ ടി കെ യിൽ നിന്ന് മാത്രമല്ല മറ്റ് പല ഐ എസ് എൽ ടീമുകളിൽ നിന്നും ജോബിക്ക് ഓഫറുകൾ വന്നു. ഏറ്റവും പ്രധാനം ആദ്യ ഇലവനിൽ അവസരം ലഭിക്കുന്ന ടീമുകളിലേക്ക് മാറുന്നതാണ്. ഇപ്പോളത്തെ സാഹചര്യത്തിൽ ഈസ്റ്റ് ബെംഗാൾ അടുത്ത സീസണിൽ ഐ എസ് എല്ലിലെത്തുമോയെന്ന കാര്യം ഉറപ്പില്ല. അത് കൊണ്ട്‌ തന്നെ എടികെയുടെ ഓഫർ വന്നപ്പോൾ അത് സ്വീകരിക്കാൻ താൻ ജോബിയോട് പറഞ്ഞു. ഈസ്റ്റ് ബെംഗാൾ ഐ എസ് എല്ലിലെത്തുന്ന കാര്യം അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ എ ടി കെ യിലേക്ക് മാറാനുള്ള ജോബിയുടെ തീരുമാനം എന്ത് കൊണ്ടും നല്ലതാണ്.” ഐ എം വിജയൻ പറഞ്ഞു നിർത്തി.