SHARE

ഈസ്റ്റ് ബം​ഗാളിന്റെ മലയാളി സൂപ്പർ താരം ജോബി ജസ്റ്റിന് വിലക്ക്. ഐസോൾ എഫ്.സിക്കെതിരായ മത്സരത്തിനിടെയുണ്ടായ വിവാദ സംഭവങ്ങളെത്തുടർന്ന് ആറ് മത്സരങ്ങളിലേക്കാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ജോബിക്ക് വിലക്കേർപ്പെടുത്തിയത്. ഒരു ലക്ഷം രൂപ പിഴയും ജോബിക്ക് വിധിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ ഇരുടീമുകളും തമ്മിലേറ്റുമുട്ടിയ മത്സരമാണ് വിവാദത്തിന് കാരണം. മത്സരത്തിനിടെ ജോബിയും എതിർ താരം കരീം നുറൈനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ജോബി നുറൈനെ തുപ്പിയെന്നാണ് ഐസ്വാൾ ആരോപിച്ചത്. തുടർന്ന് ലഭിച്ച പരാതി അന്വേഷിച്ച അച്ചടക്ക സമിതി ഇരുകളിക്കാരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച ഇരുവരുടേയും ഭാ​ഗം കേട്ടശേഷമാണ് നടപടി. നുറൈനും ആറ് മത്സരങ്ങളിൽ നിന്ന് വിലക്കും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

അതേസമയം തന്നെ ​ഗോകുലത്തിന്റെ ബ്രസീൽ താരം ​ഗ്വിലേർമോ കാസ്ട്രോയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഷിലോങ് ലജോങ്ങിനെതിരായ മത്സരത്തിനിടെ റഫറിയോട് ഏറ്റുമുട്ടിയതിനാണ് കാസ്ട്രോയ്ക്ക് ഒരു വർഷത്തെ വിലക്കും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.