SHARE

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ പ്രസിദ്ധമായ ബൈസൈക്കിള്‍ കിക്ക് ഗോള്‍, ആന്ദ്രേ പിള്‍ലോയുടെ പനേങ്ക പെനാല്‍റ്റി ഗോള്‍, വെയിന്‍ റൂണിയുടെ ഓവര്‍ ഹെഡ് കിക്ക് ഗോള്‍, സ്റ്റീവന്‍ ജെറാര്‍ദിന്റെ പ്രശസ്തമായ ബോക്സിന് പുറത്തുനിന്നുള്ള ഗോൾ, ഒടുവില്‍ റൂണിയുടെ തന്നെ പാതിവരയ്ക്കപ്പുറത്ത് നിന്നുള്ള ഗോള്‍. ഇതെല്ലാം ഏറ്റവും അടുത്തുനിന്ന് കാണാന്‍ കഴിയുന്നവര്‍ മഹാഭാഗ്യവാന്മാരാണ്. ഇംഗ്ലീഷ് ഗോള്‍ക്കീപ്പര്‍ ജോ ഹാര്‍ട്ടും അത്തരത്തില്‍ ഒരാളാണ്. എന്നാല്‍ ‘നിര്‍ഭാഗ്യവാനായ’ ഭാഗ്യവാനെന്ന വിശേഷണമായിരിക്കും ഹാര്‍ട്ടിന് കൂടുതല്‍ ചേരുക. കാരണം, ലോകപ്രശസ്തമായ ഈ ഗോളുകളൊക്കെ ചെന്ന് വീണത്, സംരക്ഷിക്കാന്‍ ഹാര്‍ട്ടിന് ചുമതലയുണ്ടായിരുന്ന ഗോള്‍ പോസ്റ്റിലാണ്.

ഇംഗ്ലീഷ് ദേശീയ ജേഴ്സിയില്‍ കളിക്കുമ്പോഴാണ്, ഇബ്രഹിമോവിച്ച്, ഹാര്‍ട്ടിന്റെ ഹൃദയം തകര്‍ത്ത് ഗോളടിച്ചത്. ഇന്നലെ വെസ്റ്റ്ഹാമിന്റെ ജേഴ്സിയില്‍ കളിക്കുമ്പോഴാണ്, റൂണി പാതിവരയ്ക്കപ്പുറം നിന്ന് ഹൃദയത്തിന് മുറിവേല്‍പ്പിച്ചത്. രണ്ടിടത്തും ഗോളിയുടെ അധികാരപരിധിയായ പെനാല്‍റ്റി ബോക്സിന് പുറത്തേക്ക് ഇറങ്ങിവന്ന് പന്തടിച്ചകറ്റാന്‍ നടത്തിയ ശ്രമത്തിലാണ് ഹാര്‍ട്ടിന് പിഴച്ചത്.

2016 യൂറോകപ്പില്‍, ഇറ്റലിയുടെ മാന്ത്രികന്‍ ആന്ദ്രേ പിര്‍ലോ, നടത്തിയ പനേങ്ക പരീക്ഷണവും ഹാര്‍ട്ടിന് നേര്‍ക്കായിരുന്നു. വലതുവശത്തേക്ക് ഡൈവ് ചെയ്ത, ഹാര്‍ട്ട് നോക്കി കിടക്കവേ, താന്‍ നിന്നയിടത്തൂടെ തന്നെ പന്ത് വലയിലെത്തി. മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ , ഒരു മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍, നാനി ഉയര്‍ത്തിനല്‍കിയ ബോള്‍ ഓവര്‍ഹെഡ് കിക്കിലൂടെ റൂണി വലയില്‍ എത്തിച്ചപ്പോഴും, നിസഹായതയായിരുന്നു ഹാര്‍ട്ടിന്റെ മുഖഭാവം.

പീറ്റര്‍ ക്രൗച്ച് , വാന്‍ പേഴ്സി തുടങ്ങി പല സൂപ്പര്‍താരങ്ങളുടേയും സൂപ്പര്‍ ഗോളുകള്‍ , ഹാര്‍ട്ടിന്റെ വലയിൽ വീണിട്ടുണ്ട്.എങ്കിലും ലോകത്തിലെ മികച്ച ഗോളിമാരുടെ ഗണത്തില്‍ പെടുത്താവുന്ന കക്ഷിയുമാണ് ജോ ഹാർട്ട്. റൊണാള്‍ഡീന്യോയുടെ പെനാല്‍റ്റി തടുത്തതുള്‍പ്പെടെ ഓര്‍ത്തുവെക്കാന്‍ മനോഹരമായ ധാരാളം സേവുകള്‍, ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട് ഹാര്‍ട്ട്. എങ്കിലും മികച്ച ഗോളുകള്‍ ഏറ്റുവാങ്ങുക എന്ന നിര്‍ഭാഗ്യം ഇപ്പോഴും ഹാർട്ടിനെ പിന്തുടരുന്നു.