SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിൽക്കപ്പെടാതെ പോയ പ്രമുഖ താരങ്ങളിൽ പ്രധാനിയായിരുന്നു ഇംഗ്ലണ്ട് താരം ജോ റൂട്ട്‌. ചരിത്രത്തിലാദ്യമായി ഐപിഎൽ ലേലത്തിന് പേര് രജിസ്റ്റർ ചെയ്ത റൂട്ടിന്റെ അടിസ്ഥാന വില 1.5 കോടി രൂപയായിരുന്നു. മാർക്വീ താരങ്ങളുടെ കൂട്ടത്തിലായിരുന്നു താരം ഉൾപ്പെട്ടിരുന്നതെങ്കിലും ഒരു ടീമുകളും റൂട്ടിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഇപ്പോളിതാ ഐപിഎല്ലിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് റൂട്ട്. ” ഞാൻ ശരിക്കും നിരാശനാണ്. ഐപിഎൽ കളിക്കാൻ താൻ തീരുമാനിച്ചത് കൂടുതൽ ടി20 മത്സര പരിചയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. പണമുണ്ടാക്കുകയായിരുന്നില്ല തന്റെ ലക്ഷ്യം. പക്ഷേ സത്യം ഞാൻ മനസിലാക്കുന്നു. എല്ലാ ടീമുകൾക്കും ഒരോ പദ്ധതികളുണ്ട്. ഞാൻ അവരുടെ പദ്ധതികളുമായി ചേർന്ന് നിൽക്കുന്ന ആളല്ല”. താരം പറഞ്ഞു നിർത്തി.

ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ താരങ്ങളെ രണ്ടാം ഘട്ട ലേലത്തിൽ വീണ്ടും പരിഗണിച്ചെങ്കിലും അപ്പോളും റൂട്ടിന് ആവശ്യക്കാരുണ്ടായിരുന്നില്ല. റൂട്ടിനൊപ്പം നിശ്ചിത ഓവർ മത്സരങ്ങളിലെ ഇംഗ്ലണ്ട് ടീം നായകൻ ഇയാൻ മോർഗനും ലേലത്തിൽ വിൽക്കപ്പെടാതെ പോയിരുന്നു. എന്നാൽ ഈ വർഷത്തെ ഐപിഎല്ലിൽ കളിക്കാനുള്ള അവസരം ഇപ്പോളും റൂട്ടിനും മോർഗനും മുന്നിലുണ്ട്. നിലവിൽ ഏതെങ്കിലും ടീമിലെ താരങ്ങൾക്ക് പരിക്കേൽക്കുകയാണെങ്കിൽ അവർക്ക് പകരക്കാരായി ടീമിലെത്താനുള്ള അവസരമാണ് ഇരുവർക്കും മുന്നിലുള്ളത്.