SHARE

ഇന്ത്യയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലീഷ് നിരയിൽ അർധസെഞ്ചുറി നേടി തിളങ്ങിയിരുന്നു ജോ റൂട്ട്. 80 റൺസെടുത്ത റൂട്ട് മത്സരത്തിൽ മറികടന്നത് ഒരു റെക്കോർഡും കൂടിയാണ്. ഏറ്റവും ചുരുങ്ങിയ കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസ് തികക്കുന്ന താരമെന്ന റെക്കോർഡാണ് റൂട്ട് തന്റെ പേരിൽ കുറിച്ചത്. ടെസ്റ്റ്‌ അരങ്ങേറ്റത്തിന് ശേഷം 2058 ദിവസങ്ങൾകൊണ്ടാണ് റൂട്ട് 6000 റൺസ് നേടിയത്. 2012ൽ ഇന്ത്യക്കെതിരെ തന്നെയായിരുന്നു റൂട്ടിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം.

മറ്റൊരു റെക്കോർഡും റൂട്ട് മത്സരത്തിലൂടെ നേടിയിട്ടുണ്ട്. 6000 റൺസ് നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും റൂട്ട് മാറി.. 27 വയസ്സും 214 ദിവസവും പ്രായമുള്ളപ്പോഴാണ് താരം 6000 റൺസ് പട്ടികയിൽ എത്തുന്നത്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. തനിക്ക് 26 വയസ്സും 313 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ തന്നെ അലിസ്റ്റർ കുക്കാണ് പട്ടികയിൽ റൂട്ടിന് മുന്നിൽ രണ്ടാം സ്ഥാനത്ത്.

-Advertisement-

ഇംഗ്ലണ്ട് ജേഴ്‌സിയിൽ 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റൂട്ട് 52.28 ബാറ്റിംഗ് ശരാശരിയിലാണ് 6000 റൺസ് മറികടന്നത്. 13 സെഞ്ച്വറികളും 40 അർദ്ധ സെഞ്ച്വറികളും അടങ്ങുന്നതാണ് റൂട്ടിന്റെ കരിയർ. ക്യാപ്റ്റനെന്ന നിലയിൽ 16 മത്സരങ്ങളാണ് റൂട്ട് കളിച്ചിട്ടുള്ളത്. റൂട്ടിൻ്റെ ക്യാപ്റ്റൻസിയിൽ 6 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് വിജയിച്ചത്.