SHARE

ഇന്ത്യന്‍ ഫുട്‌ബോളിന് മാറ്റത്തിന്റെ കാറ്റ് നിറച്ച പന്താണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സമ്മാനിച്ചത്. സെമി പ്രെഫഷണലിസത്തില്‍ നിന്ന് ഒറ്റയടിക്ക് കളിയും കളിക്കാരും പക്കാ പ്രെഫഷണലുകളായി മാറി. മികച്ച വരുമാനം, കളിയിലൂടെ മാത്രം കരിയര്‍ കെട്ടിപ്പെടുക്കാനുള്ള അവസ്ഥ തുടങ്ങി എല്ലാം നല്കിയത് ഐഎസ്എല്ലാണെന്ന് നിസംശയം പറയാം. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായി ജോപോള്‍ അഞ്ചേരിക്കും പറയാനുള്ളത് ഇതാണ്.

മുമ്പ് ആദ്യ പകുതി കഴിഞ്ഞാല്‍ തളര്‍ന്നു പോകുമായിരുന്ന ഇന്ത്യയിപ്പോള്‍ ഒരുപാട് മാറിയെന്ന് അഞ്ചേരി പറയുന്നു. മികച്ച കളിക്കാര്‍ ഇന്ത്യയിലേക്ക് കളിക്കാനെത്തിയതിന്റെ ഗുണം ഇന്ത്യന്‍ താരങ്ങള്‍ക്കും ലഭിച്ചു തുടങ്ങിയിരിക്കുന്നു. മികച്ച താരങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവരില്‍ നിന്ന് ഏറെ പഠിക്കുന്നു. ഖത്തറിനെതിരേയും ഒമാനെതിരേയും കണ്ടതിന്റെ ഇതിന്റെ ഗുണങ്ങളാണെന്നും അഞ്ചേരി പറയുന്നു.

ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന പഴയ സ്ഥിതി മാറിയെന്നും ഇപ്പോള്‍ ഗോളടിക്കാന്‍ നമ്മുടെ താരങ്ങളും മത്സരിക്കുകയാണെന്നും അഞ്ചേരി പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലും ഗോകുലം കേരള എഫ്‌സിയിലുമുള്ള മലയാളി താരങ്ങളുടെ സാന്നിധ്യവും മികച്ച സൂചനകളാണെന്ന് അഞ്ചേരി വ്യക്തമാക്കുന്നു.