SHARE

ഈ മാസം പതിനാലാംതീയതി ലോർഡ്സിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ജാക്ക് ലീച്ച്, ജോഫ്ര ആർച്ചർ എന്നിവർ ടീമിലുൾപ്പെട്ടപ്പോൾ സൂപ്പർ താരം മോയിൻ അലിക്ക് ടീമിൽ ഇടം പിടിക്കാനായില്ല. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ആദ്യ ടെസ്റ്റിലെ ദയനീയ ബാറ്റിംഗ് പ്രകടനമാണ് മോയിൻ അലിയുടെ ടീമിലെ സ്ഥാനം തെറിപ്പിച്ചത്. ഇംഗ്ലണ്ട് പരാജയപ്പെട്ട ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ താരത്തിന് രണ്ടാമിന്നിംഗ്സിൽ 4 റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ. പന്ത് കൊണ്ടും നിരാശാജനകമായ പ്രകടനമായിരുന്നു മോയിൻ അലിയുടേത്. മത്സരത്തിൽ ആകെ രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു താരത്തിന് നേടാനായത്.

അതേ സമയം ആർച്ചർ ടീമിലെത്തുന്നതോടെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ബോളിംഗ് കരുത്ത് വർധിക്കും. ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ആർച്ചർ, കഴിഞ്ഞ ദിവസം സസക്സ് സെക്കൻഡ് ഇലവന് വേണ്ടി‌ കളിക്കുമ്പോൾ 6 വിക്കറ്റുകളും സെഞ്ചുറിയും നേടി തകർപ്പൻ ഫോമിലാണ് താരം ഇപ്പോൾ.