SHARE

വെസ്റ്റിന്‍ഡീസ് യുവതാരം ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള കാത്തിരിപ്പിലാണെന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെസ്റ്റിന്‍ഡീസിന്റെ അണ്ടര്‍ 19 ടീമില്‍ കളിച്ച താരം ബിഗ് ബാഷ്, ഐ പി എല്‍ തുടങ്ങിയ ടി20 ലീഗുകളില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

അച്ഛന്റെ രാജ്യമായ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ 7 വര്‍ഷം ആര്‍ച്ചര്‍ അവിടെ താമസിക്കണമെന്നാണ് നിയമം. സസക്‌സിന് വേണ്ടി കൗണ്ടി കളിക്കുന്ന ആര്‍ച്ചര്‍ക്ക് അതിനായി 2022 വരെ കാത്തിരിക്കണം. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമിക്കുന്ന 12 അംഗ ബോര്‍ഡ് വോട്ടെടുപ്പ് നടത്തി അനുകൂല തീരുമാനമുണ്ടായാല്‍ ആര്‍ച്ചര്‍ക്ക് അതുവരെ കാത്തിരിക്കേണ്ടി വരില്ല. ഇതിനുള്ള ഒരുക്കം ഇംഗ്ലണ്ട് നടത്തുന്നതായി പ്രമുഖ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അങ്ങനെ വന്നാല്‍ അടുത്ത ആഷസിലും ഇംഗ്ലണ്ടില്‍ വെച്ച് തന്നെ നടക്കുന്ന ലോകകപ്പിലും താരം ഇംഗ്ലീഷ് ജേഴ്‌സി അണിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഇക്കഴിഞ്ഞ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 10 മത്സരങ്ങള്‍ കളിച്ച താരം 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.