SHARE

സമീപകാലത്ത് ഇംഗ്ലണ്ട് ടീമിന് ഏറ്റവും കൂടുതൽ ആശങ്ക നൽകിയിട്ടുള്ള കാര്യമാണ് സൂപ്പർ താരം ജോഫ്ര ആർച്ചറിന്റെ ഫിറ്റ്നസ്. കൈമുട്ടിലെ പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായിരുന്ന ആർച്ചർക്ക് ഇത്തവണ ഐപിഎല്ലിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല‌. എന്നാൽ കഴിഞ്ഞ ദിവസം കെന്റിനെതിരെ നടന്ന കൗണ്ടി മത്സരത്തിൽ സസ്ക്സിനായി കളിച്ച് അദ്ദേഹം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയിരുന്നു.

ഈ മത്സരത്തിന്റെ ഒന്നാമിന്നിംഗ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയിരുന്ന ആർച്ചർക്ക് രണ്ടാമിന്നിംഗ്സിൽ പന്തെറിയുന്നതിനിടെ വീണ്ടും കൈമുട്ടിൽ വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് വെറും 5 ഓവറുകൾ മാത്രമാണ് താരത്തിന് രണ്ടാമിന്നിംഗ്സിൽ എറിയാനായത്. ഇപ്പോളിതാ വീണ്ടും പരിക്ക് അലട്ടിയ ആർച്ചർ ന്യൂസിലൻഡിനെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുന്നു. അല്പം മുൻപ് ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്.

നേരത്തെ 2019 ഓഗസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ കളിച്ചു കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആർച്ചർ. ഇതു വരെ 13 ടെസ്റ്റുകളിൽ ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞ താരം 42 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്‌.