ഇന്ത്യയിലെ ഫുട്ബോൾ സീസണിന്റെ ദൈർഘ്യം കൂടുകയാണ് ഇനുമുതൽ. ഐഎസ്എല്ലിനും ഐ-ലീഗിനും പുറമെ ഡ്യൂറാൻഡ് കപ്പും സൂപ്പർ കപ്പും ഇന്ത്യൻ ഫുട്ബോൾ കലണ്ടറിന്റെ ഭാഗമാകും. ഇതോടെ കളിക്കാർക്ക് കൂടുതൽ മത്സരസമയം ലഭിക്കുമെന്നതിനൊപ്പം സീസണുകൾക്കിടയുള്ള വലിയ ഇടവേള കുറയ്ക്കാനും സാധിക്കും.
ഇന്ത്യൻ ഫുട്ബോൾ കലണ്ടറിന്റെ ദൈർഘ്യം ഒമ്പത് മാസമായി കൂട്ടുന്നത് ധീരമായ തീരുമാനമാണെന്നാണ് സ്റ്റാർ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞത്. സീസൺ ദൈർഘ്യം കൂട്ടുന്നതോടെ കളിക്കാരുടെ കിരീടസാധ്യതകളും ഏറുമെന്നത് ഒരു അനുകൂലഘടകമാണെന്ന് ഗ്രിഗറി പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു.
സീസൺ ദൈർഘ്യം കൂടുന്നതോടെ കൂടുതൽ കിരീടസാധ്യതകളാണ് കളിക്കാർക്ക് മുന്നിലുള്ളത്, ഒരു കളിക്കാരന്റെ കരിയർ വിലയിരുത്തുന്നത് നേടിയ കിരീടങ്ങളുടേയും കളിച്ച മത്സരങ്ങളുടേയും കണക്കുകൾ കൂടി പരിശോധിച്ചാണ്, ഇതിനാൽ തന്നെ കൂടുതൽ മത്സരപ്പോരാട്ടങ്ങൾ വരുന്നത് കൂടുതൽ കിരീടങ്ങൾക്കും സാധ്യത തുറക്കുന്നു, ഇത്തരം വലിയ മത്സരങ്ങൾ കളിക്കുന്നത് യുവതാരങ്ങളുടെ വളർച്ചയക്ക് ഏറെ പ്രധാനമാണ്, കൂടുതൽ ഫൈനലുകളും സെമി ഫൈനലുകളും കളിക്കുന്നത് ഈ യുവതാരങ്ങളെ സഹായിക്കും, ഗ്രിഗറി പറഞ്ഞു.