SHARE

കോസ്റ്റാറിക്കൻ പ്രതിരോധ താരം ജോണി അക്കോസ്റ്റ ഈസ്റ്റ് ബെംഗാൾ വിട്ടു. കഴിഞ്ഞ സീസണിൽ വമ്പൻ തുകയ്ക്ക് ഈസ്റ്റ് ബെംഗാൾ സ്വന്തമാക്കിയ അക്കോസ്റ്റ, ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ ഈസ്റ്റ് ബെംഗാൾ വിടുകയാണെന്ന വാർത്ത പുറത്ത് വിട്ടത്. ഈസ്റ്റ് ബെംഗാൾ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന അക്കോസ്റ്റ ടീം വിടുന്നത് അവർക്ക് വലിയ നിരാശയാണ്‌ സമ്മാനിച്ചിരിക്കുന്നത്.

കൽക്കട്ട ഫുട്ബോൾ ലീഗിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ കളിച്ച് ഈസ്റ്റ് ബെംഗാൾ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച അക്കോസ്റ്റ, ഈ സീസൺ ഐലീഗിൽ പതിനെട്ട് മത്സരങ്ങളിൽ ഈസ്റ്റ് ബെംഗാൾ ജേഴ്സിയണിഞ്ഞു. സ്പാനിഷ് മധ്യനിര താരമായ ബോർജ ‌ഗോമസ് പെരസും, ജോണി അക്കോസ്റ്റയും ചേർന്ന മികച്ച പ്രതിരോധ കൂട്ടുകെട്ടായിരുന്നു പോയ സീസണിലെ ഈസ്റ്റ് ബെംഗാളിന്റെ തകർപ്പൻ പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

കോസ്റ്റാറിക്കൻ ദേശീയ ടീമിന് വേണ്ടി എഴുപതിലധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അക്കോസ്റ്റ, രണ്ട് ലോകകപ്പുകളിലും അവർക്കായി കളിച്ച താരമാണ്. റഷ്യൻ ലോകകപ്പിലും കോസ്റ്റാറിക്കൻ ടീമിലുണ്ടായിരുന്ന അക്കോസ്റ്റ, മൂന്ന് മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.