SHARE

ഐ പി എൽ താരലേലം പുരോഗമിക്കുന്നു. ലസിത് മലിംഗ, മിച്ചൽ ജോൺസൺ, ജോഷ് ഹേസൽവുഡ്, ഇഷാന്ത് ശർമ്മ, ടിം സൗത്തി, മിച്ചൽ മക്ലീഗൻ, തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ആവശ്യക്കാരില്ലാത്തതാണ് ലേലത്തിലെ ഇപ്പോഴത്തെ ട്വിസ്റ്റ്.

റോബിൻ ഉത്തപ്പ കൊൽക്കത്തയിൽ തന്നെ. റൈറ്റ് ടു മാച്ച് കാർഡ് വഴി 6.4 കോടി രൂപയ്ക്കാണ് ഉത്തപ്പയെ കൊൽക്കത്ത ടീമിലെത്തിച്ചത്. മുംബെെ ഇന്ത്യൻസായിരുന്നു താരത്തെ ലേലത്തിൽ നേടിയത്. എന്നാൽ കൊൽക്കത്ത തങ്ങളുടെ റെെറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കുകയായിരുന്നു.

ഇന്ത്യൻ താരം അമ്പാട്ടി റായിഡുവിനെ 2.2 കോടി രൂപയ്ക്ക് ചെന്നെെ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 50 ലക്ഷമായിരുന്നു താരത്തിൻ്റെ അടിസ്ഥാനവില. ഒരു കോടി അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ് ലേലത്തിൽ വിറ്റുപോയില്ല.

മറ്റൊരു ഇംഗ്ലണ്ട് താരമായ ജോസ് ബട്ട്ലറിനെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ബംഗ്ലാദേശ് ഫാസ്റ്റ് ബോളർ മുഷ്തഫിസുർ റഹ്മാനെ 2.2 കോടി രൂപയ്ക്ക് മുംബെെ ഇന്ത്യൻസ് സ്വന്തമാക്കി. താരത്തെ നിലനിർത്താൻ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കേണ്ടെന്ന് സൺറൈസേഴ്സ് തീരുമാനിക്കുകയായിരുന്നു.

ഓസീസ് താരമായ പാറ്റ് കമ്മിൻസിനെ മുംബെെ ഇന്ത്യൻസ് ടീമിലെത്തിച്ചു. 5.4 കോടി രൂപയാണ് താരത്തിന് ലഭിച്ചത്.  ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് താരത്തെ ബാംഗ്ലൂർ ടീമിലെത്തിച്ചത്.

മുഹമ്മദ് ഷമിയെയും ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡയെയും ഡൽഹി റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് സ്വന്തമാക്കി. ഷമിയെ 3 കോടിക്കും റബാഡയെ 4.2 കോടിക്കുമാണ് ഡൽഹി ടീമിലെത്തിച്ചത്.