SHARE

കൽക്കട്ട ഫുട്ബോൾ ലീ​ഗിലെ ഇസ്റ്റ് ബെം​ഗാൾ -മോഹൻ ബ​ഗാൻ പോരാട്ടം സമനിലയിൽ കലാശിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. കോസ്റ്റാറിക്കയുടെ ലോകകപ്പ് താരം ജോണി അക്കോസ്റ്റ ഈസ്റ്റ് ബെം​ഗളിനായി അരങ്ങേറിയ മത്സരമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മത്സരത്തിൽ അക്കോസ്റ്റ ​ഗോളും നേടി.

ഈ സീസണിലെ ആദ്യ ഡർബി പോരിനാണ് ഇന്ന് സാൾട്ട് ലേക്ക് സാക്ഷ്യം വഹിച്ചത്. മത്സരം തുടക്കം മുതൽ തന്നെ മോഹൻ ബ​ഗാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. അക്കോസ്റ്റയുടെ നേതൃത്വത്തിലുള്ള ബെം​ഗാളിന്റെ പ്രതിരോധം ബ​ഗാൻ മുന്നേറ്റത്തെ തടുത്തിടുകയായിരുന്നു. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഈസ്റ്റ് ബെം​ഗാൾ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി പിന്റു മഹാത ബ​ഗാന് ലീഡ് സമ്മാനിച്ചു. പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ബ​ഗാൻ ലീഡ് വർദ്ധിപ്പിച്ചു. നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ ഹെന്റി കിസേക്കയാണ് ഇക്കുറി ​ഗോൾ നേടിയത്.

രണ്ട് ​ഗോൾ വഴങ്ങിയതോടെ തിരച്ചടിക്കാള്ള ശ്രമങ്ങൾ ഈസ്റ്റ് ബെം​ഗാൾ തുടങ്ങി. മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ജോണി അക്കോസ്റ്റയിലൂടെ അവർ ഒരു ​ഗോൾ തിരിച്ചടിച്ചു. തുടർന്നും ഈസ്റ്റ് ബെം​ഗാൾ മുന്നേറ്റത്തിനാണ് ആരാധകർ സാക്ഷിയായത്. ഇതിന് ഫലവുമുണ്ടായി. 62-ാം മിനിറ്റിൽ ലാൽഡൻമാവിയ റാൾട്ടെയിലൂടെ ഈസ്റ്റ് ബെം​ഗാൾ സമനില ​ഗോളും നേടി.