SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച 9 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടിയ സൺ റൈസേഴ്സ് ഹൈദരാബാദ്, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഓപ്പണർമാരായ ഡേവിഡ് വാർണറുടേയും, ജോണി‌ ബെയർസ്റ്റോവിന്റേയും തകർപ്പൻ പ്രകടനമാണ് സീസണിൽ ഹൈദരാബാദിന് കരുത്താവുന്നത്. സീസണിലെ റൺ വേട്ടയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് നിലവിൽ വാർണറും, ബെയർസ്റ്റോവും.

ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങൾക്ക് വേണ്ടി വാർണറും, ബെയർസ്റ്റോവും അടുത്ത് തന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ഇത് ടീമിന് കനത്ത തിരിച്ചടിയാണെന്ന് സൺ റൈസേഴ്സ് നായകൻ കെയിൻ വില്ല്യംസൺ സാക്ഷ്യപ്പെടുത്തുന്നു. ലോകോത്തര താരങ്ങളായ വാർണറും, ബെയർസ്റ്റോവും മടങ്ങുന്നത് ഹൈദരാബാദിന്റെ പ്രകടനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും, സീസണിന്റെ അവസാന ഘട്ടത്തിൽ അത് ടീമിന്‌ വലിയ തലവേദനയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഹൈദരാബാദിന്റെ സ്റ്റാർ ഓപ്പണർമാരിൽ ജോണി ബെയർസ്റ്റോവാകും ആദ്യം നാട്ടിലേക്ക് മടങ്ങുക. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള അടുത്ത മത്സരത്തിന് ശേഷമായിരിക്കും ഇത്. ഓസീസ് താരമായ വാർണറാകട്ടെ ഈ മാസം അവസാനത്തോടെയും ടീം വിടും.