SHARE

ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് വേണ്ടി ഈയാഴ്ച അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്‌ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ജോണി ബെയർസ്റ്റോ. അത് കൊണ്ട് തന്നെ ഈ‌ സീസണിലെ തന്റെ അവസാന ഹോം മത്സരമായിരുന്നു ഇന്നലെ കൊൽക്കത്തയ്ക്കെതിരെ താരം കളിച്ചത്. ഈ മത്സരത്തിൽ 43 പന്തിൽ 84 റൺസ് നേടിയ ബെയർസ്റ്റോ ഐപിഎല്ലിലെ ‌തകർപ്പ‌ൻ റെക്കോർഡുകളിലൊന്ന് സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡിലാണ് ഇപ്പോൾ ബെയർസ്റ്റോ ഒന്നാമതെത്തിയിരിക്കുന്നത്. ഈ ‌സീസണിൽ സൺ റൈസേഴ്സിന് വേണ്ടി കളിച്ച് ഐപിഎൽ അരങ്ങേറ്റം കുറിച്ച ബെയർസ്റ്റോ സീസണിൽ ഇത് വരെ നേടിയത് 445 റൺസാണ്. 2015 ലെ തന്റെ അരങ്ങേറ്റ ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസിന് വേണ്ടി 439 റൺസ് നേടിയ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യറിന്റെ പേരിലായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ്. ഇതാണ് ബെയർസ്റ്റോ പഴങ്കഥയാക്കിയത്. 2012 ൽ ചെന്നൈക്ക് വേണ്ടി 398 റൺസെടുത്ത ഡുപ്ലെസിസ്, 2014 ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 394 റൺസെടുത്ത ലെൻഡൽ സിമ്മൺസ് എന്നിവരാണ് ഇക്കാര്യത്തിൽ പിന്നാലെയുള്ളത്.