SHARE

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫീൽഡറെന്നാണ് ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സിനെ വിശേഷിപ്പിക്കുന്നത്. ഫീൽഡിംഗ് മികവ് കൊണ്ട് മാൻ ഓഫ് ദി മാച്ച് അവാർഡ് വരെ നേടിയിട്ടുള്ള റോഡ്സിനെ ഫീൽഡിംഗിലെ ഇതിഹാസമെന്ന് നിസംശയം വിശേഷിപ്പിക്കാം. ഇപ്പോളിതാ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഫീൽഡർമാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാക്ഷാൽ റോഡ്സ്.

കഴിഞ്ഞ ദിവസം ഐസിസിയുടെ ഒരു ചാറ്റ് ഷോയിൽ സംസാരിക്കവെയായിരുന്നു ലോകക്രിക്കറ്റിൽ താൻ കണ്ട എക്കാലത്തെയും മികച്ച അഞ്ച് ഫീൽഡർമാർ ആരൊക്കെയെന്ന് ജോണ്ടി റോഡ്സ് വെളിപ്പെടുത്തിയത്‌. ആൻഡ്രൂ സൈമണ്ട്സ്, ഹെർഷൽ ഗിബ്സ്, പോൾ കോളിംഗ് വുഡ്, എബി‌ഡിവില്ലിയേഴ്സ് എന്നിവരടങ്ങിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. റെയ്നയാണ് ലോകത്തെ ഏറ്റവും മികച്ച ഫീൽഡറെന്നും ബാക്കിയുള്ള താരങ്ങൾ അദ്ദേഹത്തിന് താഴയേ വരൂവെന്നും റോഡ്സ് പറയുന്നു.

മുൻപൊരിക്കൽ തന്റെ ഫേവറിറ്റ് ഇന്ത്യൻ ഫീൽഡറാരെന്ന് ചോദിച്ചപ്പോൾ വിരാട് കോഹ്ലിയുടെ പേര് പറഞ്ഞിരുന്ന റോഡ്സ്, പക്ഷേ റെയ്ന അന്നും ഏറ്റവും മുന്നിൽത്തന്നെയുണ്ടെന്ന് ഓർമ്മിപ്പിച്ചിരുന്നു. ” യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ് എന്നിവർ മികച്ച ഫീൽഡർമാരാണ്. വിരാട് കോഹ്ലിയും അങ്ങനെ തന്നെ, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സുരേഷ് റെയ്നയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീൽഡർ.” റോഡ്സ് പറഞ്ഞുനിർത്തി.