SHARE

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുക, പുറത്തായതാവട്ടെ മുന്നു അന്താരാഷ്ട്ര് സൂപ്പര്‍ താരങ്ങളും. സ്വപ്‌നതുല്യമായ നേട്ടമാണ് ലങ്കാഷെയറിന്റെ ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ ക്ലര്‍ക്കിന് സ്വന്തമായിട്ടുള്ളത്. യോര്‍ക്ക്‌ഷെയറിന്റെ ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോവ്, ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ജോർദാന് മുന്നില്‍ അടുത്തടുത്ത പന്തുകളില്‍ വീണത്.

യോര്‍ക്ക്ഷയറും ലങ്കാഷെയറും തമ്മില്‍ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിലാണ് സംഭവം. ടോസ് നേടി യോര്‍ക്ക്‌ഷെയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ 19ാം ഓവര്‍ എറിയാനെത്തിയതാണ് ജോര്‍ദാന്‍. ഓവറിലെ നാലാം പന്തില്‍ 22 റണ്‍സെടുത്ത റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

അടുത്ത പന്തില്‍ കെയ്ന്‍ വില്യംസണും എല്‍ ബി ഡബ്ല്യൂ ആയതോടെ താരം ഹാട്രിക്കിന്റെ വക്കിലെത്തി. ഓവറിലെ അവസാന പന്ത് നേരിട്ട ജോണി ബെയര്‍ സ്‌റ്റോവ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ തകര്‍ച്ച നേരിടുകയാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 78-5 എന്ന നിലയിലാണ് യോര്‍ക്ക്‌ഷെയര്‍.