ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ജോർജ് പെരേയ്ര ഡയസ് തുടരുമോയെന്ന കാര്യത്തിലാണ്. അർജന്റൈൻ സ്ട്രൈക്കറായ ഡയസ് കഴിഞ്ഞ സീസണിൽ ക്ലബിനായി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതോടെ താരത്തെ നിലനിർത്തണമെന്നാണ് ആരാധകരുടെ ആവശ്യം.
അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ചില ലാറ്റനമേരിക്കൻ ജേണലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് പുതിയ സൂചനകൾ. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നും താരത്തെ റാഞ്ചാൻ ക്ലബ് എന്തെങ്കിലും വഴി കണ്ടെത്തുമെന്നുമാണ് കഴിഞ്ഞ മാസം വരെ ഞാൻ വിശ്വസിച്ചിരുന്നത്, എന്നാലിപ്പോൾ ഡയസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിലുണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല, കൂടുതൽ വ്യക്തത ലഭിക്കാനായി കാത്തിരിക്കുകയാണ ഞാൻ, മാർക്കസ് ട്വീറ്റ് ചെയ്തു.