SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ ക്ലബ് ചെൽസിയുടെ വൈസ് ക്യാപ്റ്റനായി ഇറ്റാലിയൻ താരം ജോർജീന്യോയെ നിയമിച്ചു. പരിശീലകൻ ഫ്രാങ്ക് ലാംപാർഡാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണിൽ വൈസ് ക്യാപ്റ്റനായിരുന്ന സെസാർ അസ്പിലിക്യൂട്ട ഇക്കുറി ക്യാപ്റ്റനായതോടെ ഒഴിവു വന്ന സ്ഥാനത്തക്കാണ് ജോർജീന്യോ എത്തുന്നത്. സീനിയർ താരം പെഡ്രോയെ മറികടന്നാണ് കഴിഞ്ഞ സീസണിൽ മാത്രം ചെൽസിയിലെത്തിയ മധ്യനിരതാരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

ഇറ്റാലിയൻ ക്ലബ് നാപ്പോളിയിൽ നിന്ന് പരിശീലകൻ മൗറീഷ്യോ സാരിക്കൊപ്പമാണ് ജോർജീന്യോ ചെൽസിയിലെത്തിയത്. എന്നാൽ കളിശൈലി കാരണം രൂക്ഷവിമർശനമായിരുന്നു ചെൽസി ആരാധകരിൽ നിന്ന് ജോർജീന്യോ നേരിട്ടത്. ജോർജീന്യോയെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു.

എന്നാൽ ഇക്കുറി സാരി പോയി ലാംപാർഡ് എത്തിയപ്പോഴും വിശ്വാസം നേടിയെടുക്കാൻ ജോർജീന്യോയ്ക്കായി. സാരി കളിപ്പിച്ചിരുന്ന അതേ പൊസിഷനിൽ തന്നെ ലാംപാർഡിന്റെ കീഴിലും കളിക്കുന്ന ജോർജീന്യോ ഇതിനകം വിമർശകരുടെ വായടപ്പിച്ചു കഴിഞ്ഞു. ചെൽസി ടീമിൽ ഇക്കുറി മിന്നുന്ന പ്രകടനം നടത്തുന്ന ജോർജീന്യോയുടെ നേതൃശേഷിയും പ്രശംസപിടച്ചുപറ്റിയിരുന്നു.