SHARE

നിലവിൽ രോഹിത് ശർമ്മയ്ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറെന്ന് മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ഗൗതം ഗംഭീർ. ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20 യിൽ ബട്ലർ ഉജ്ജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ വാനോളം പ്രശംസിച്ച് ഗംഭീർ രംഗത്തെത്തിയത്.

ജോസ് ബട്ലർ ഒരു പ്രതിഭാസമാണെന്നാണ് ഗംഭീർ പറയുന്നത്. നിലവിൽ രോഹിത് ശർമ്മയ്ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് അദ്ദേഹമെന്നും, വൈവിധ്യമാർന്ന ഷോട്ടുകൾ കൈവശമുള്ളത് ബോളർമാരിൽ സമ്മർദ്ദം ചെലുത്താൻ ബട്ലറെ സഹായിക്കുന്നതായും ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ അദ്ദേഹം ചൂ‌ണ്ടിക്കാട്ടി.

വ്യത്യസ്തമായ ധാരാളം ഷോട്ടുകൾ കളിക്കാൻ ബട്ലറിന് കഴിയുമെന്ന് പറയുന്ന‌ ഗംഭീർ ഇത്രയധികം ഷോട്ടുകൾ കൈവശമുള്ള മറ്റൊരു കളികാരനുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെ‌ന്നും ഇതിനൊപ്പം അഭിപ്രായപ്പെട്ടു. “ബട്ലർ അസാധാരണനായ കളികാരനാണ്. അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലെത്തിക്കഴിഞ്ഞാൽ ഇത്രയധികം ഷോട്ടുകൾ കൈവശമുള്ളത് കൊണ്ടു തന്നെ അവനെ തടയുക ഏതൊരാൾക്കും അതി കഠിനമാണ്.”ഗംഭീർ പറഞ്ഞു നിർത്തി.

അതേ‌ സമയം ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ജോസ് ബട്ലർ. അന്താരാഷ്ട്ര തലത്തിൽ 77 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ മുപ്പതുകാരൻ, 30.22 ബാറ്റിംഗ് ശരാശരിയിൽ 1662 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിലും മികച്ച റെക്കോർഡുള്ള താരം അവിടെ രാജസ്ഥാൻ റോയൽസിന്റെ കുന്തമുനയാണ്.