SHARE

ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ സൂപ്പർതാരം സെർജി മിലിൻകോവിച്ച് സാവിച്ചിനെ ടീമിലെത്തിക്കാൻ പദ്ധതിയിട്ട് ടോട്ടനം. സെർബിയൻ താരമായ സാവിച്ചിനായുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ടോട്ടനം പരിശീലകനായ ഹോസെ മൗറീന്യോ തന്നെയാണെന്നത് ശ്രദ്ധേയം. ഫ്രഞ്ച് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മിഡ്ഫീൽഡിലെ പല പൊസിഷനുകളിൽ കളിക്കാൻ ശേഷിയുള്ള താരമാണ് സാവിച്ച്. ഇക്കുറി ലാസിയോയുടെ സെരി എ കിരീടപ്പോരാട്ടത്തിൽ നിർണായക റോളുണ്ട് സാവിച്ചിന്. ലീ​ഗിൽ മാത്രം അഞ്ച് ​ഗോളുകൾ നേടിയ സാവിച്ച് നാലെണ്ണത്തിനാണ് വഴിയൊരുക്കിയത്. 2015 മുതൽ ഒപ്പമുള്ള സാവിച്ചിനെ വിൽക്കാൻ ലാസിയോ തയ്യറാകുമോ എന്നത് സംശയമാണ്. ഇനി താരത്തെ വിൽക്കാൻ തയ്യറായാൽ തന്നെ വൻതുക ചോദിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ അതിനായുള്ള പണം കണ്ടെത്താനുള്ള നീക്കങ്ങളും ടോട്ടനം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

-Advertisement-

ചില താരങ്ങളെ വിറ്റ് സാവിച്ചിനെ സ്വന്തമാക്കാനുള്ള പണം കണ്ടെത്താനാണ് മൗറീന്യോ ആവശ്യപ്പെടുന്നത്. സാവിച്ചിനെ ടീമിലെത്തിക്കാനുള്ള മൗറീന്യോയുടെ താൽപര്യത്തിന് ക്ലബ് ടെക്നിക്കൽ അധികൃതർക്കും സമ്മതാണ്. അതേസമയം തന്നെ കടുത്ത മത്സരവും ടോട്ടനത്തിന് നേരിടേണ്ടവരും. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ടീമുകളും സാവിച്ചിൽ താൽപര്യം പ്രകടിപ്പിച്ചവരാണ്.