SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിലെ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിന്റെ(ആർസിബി) ആദ്യ ഏഴ് മത്സരങ്ങൾ സൂപ്പർതാരം ജോഷ് ഹെയ്സൽവുഡിന് നഷ്ടമാകുമെന്ന് സൂചന. കാലിനേറ്റ് പരുക്കിൽ നിന്ന് മോചിതനാകാത്ത താരത്തിന് ഐപിഎൽ തുടക്കത്തിലെ ചില മത്സരങ്ങൾ കളിക്കാനാകില്ല എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണിപ്പോൾ താരത്തിന് ആദ്യ ഏഴ് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്ന് ഓസ്ട്രേലിയൻ പത്രമായ ദ ഏജ് റിപ്പോർട്ട് ചെയ്തത്.

അടുത്ത രണ്ടാഴ്ചത്തെ കാര്യങ്ങൾ പരി​ഗണിച്ചശേഷം ഏപ്രിൽ 14-ഓടെ ഇന്ത്യയിലേക്ക് വരാനാണ് തന്റെ പദ്ധതിയെന്ന് ഹെയ്സൽവുഡ് പറഞ്ഞതായാണ് ഏജ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയശേഷം വീണ്ടും ഒരാഴ്ചയ്ക്ക് ശേഷമെ കളിത്തിലറങ്ങാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് ഹെയ്സൽവുഡിന് ഏഴ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായത്.

ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ഈ ഐപിഎല്ലിലെ ആർസിബയുടെ ആദ്യ മത്സരം. അതേസമയം ഹെയ്സൽവുഡിന് പുറമെ മറ്റൊരു ഓസ്ട്രേലിയൻ താരം ​ഗ്ലെൻ മാക്സ്വെല്ലും ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ കാലിന് മാക്സ്വെല്ലിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതിന്റെ ബുദ്ധിമുട്ട് മാക്സ്വെൽ ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.