SHARE

പതിനാലാം എഡിഷൻ ഐപിഎൽ അടുത്തെത്തി നിൽക്കെ ടൂർണമെന്റിൽ നിന്ന്‌ പിന്മാറ്റം പ്രഖ്യാപിച്ച് ഓസീസ് സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ്. രണ്ട് മാസത്തിലധികം ബയോ ബബിളിൽ തങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കാൻ ഹേസൽവുഡ് തീരുമാനിച്ചത്. താരത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

കഴിഞ്ഞ 10 മാസക്കാലമായി തുടർച്ചയായി ബബിളിനുള്ളിലായിരുന്നുവെന്നും അതിനാൽ ക്രിക്കറ്റിൽ നിന്ന്‌ ചെറിയ വിശ്രമം എടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെ വ്യക്തമാക്കിയ ഹേസൽവുഡ്, ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കുന്നത് വഴി ലഭിക്കുന്ന രണ്ട് മാസക്കാലം ഓസ്ട്രേലിയയിൽ തന്റെ വീട്ടിൽ ചിലവഴിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ കളികാരനാണ് ഹേസൽവുഡ്. യു എ ഇ യിൽ നടന്ന പോയ സീസണിൽ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താൻ കഴിയാതിരുന്ന താരം ആകെ 3 മത്സരങ്ങൾ മാത്രമാണ് അവർക്കായി കളിച്ചത്. ഇത്രയും മത്സരങ്ങളിൽ ആകെ ഒരു വിക്കറ്റ് മാത്രമായിരുന്നു ഹേസൽവുഡിന്റെ സമ്പാദ്യം.

അതേ സമയം ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുന്ന മൂന്നാം ഓസ്ട്രേലിയൻ താരമാണ് ഹേസൽവുഡ്. നേരത്തെ ജോഷ് ഫിലിപ്പെ, മിച്ചൽ മാർഷ് എന്നിവരും ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.