SHARE

ഇന്ത്യയ്ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓസീസ് ക്രിക്കറ്റിന് മറ്റൊരു തിരിച്ചടി കൂടി. പരിക്കിനെത്തുടർന്ന് സ്റ്റാർ ബോളർ ജോഷ് ഹേസൽവുഡ്, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്നതാണ് ടീമിനെ വെട്ടിലാക്കിയിരിക്കുന്നത്. പുറം വേദനയാണ് താരത്തിന് വിനയായത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ജൈ റിച്ചാർഡ്സണെ, ഹേസൽവുഡിന് പകരക്കാരനായി ഓസീസ് ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബോളിംഗിന്റെ കുന്തമുനയാകുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു ഹേസൽവുഡ്. അതേ സമയം പരിക്ക്, താരത്തിന്റെ ലോകകപ്പ് സാധ്യതകൾക്ക് മുന്നിൽ തടസമാകില്ലെന്നാണ് സൂചന. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലും ഓസീസിന്റെ നിർണായ താരങ്ങളിലൊരാളാകുമെന്ന് വിശേഷിക്കപ്പെടുന്ന കളികാരനാണ് അദ്ദേഹം.

ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കുക. ഈ മാസം ഇരുപത്തിനാലാം തീയതി ബ്രിസ്ബെയിനിലെ ഗാബയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.