SHARE

കേരളാ ബ്ലാസ്റ്റേഴ്സ്, ഡേവിഡ് ജെയിംസിനെ തങ്ങളുടെ പരിശീലക‌സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സംഭവത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കളികാരനുമായിരുന്ന ഹോസു രംഗത്തെത്തി. കേരളാ ബ്ലാസ്റ്റേഴ്സ് ചെയ്തത് നല്ല‌കാര്യമാണെന്നും, അവർക്കൊരു മാറ്റം അനിവാര്യമാണെന്നും പറഞ്ഞ ഹോസു, ഇനി കേരളം വിജയിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു താരം മനസ് തുറന്നത്.

അതേ സമയം ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ ഹോസു ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോയെന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിലവിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെക്കുന്ന വിദേശ താരങ്ങളിൽ ആരെയെങ്കിലും ഒഴിവാക്കി ഹോസുവിനെ ടീമിലേക്ക് മടക്കിക്കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. നേരത്തേ കഴിഞ്ഞ മാസം, ഇന്ത്യൻ ഫുട്ബോൾ ഏജന്റ് ബൽജിത് റിഹാലിന്റെ നേതൃത്വത്തിലുള്ള ഇൻവന്റീവ് സ്പോർട്സ് ഏജൻസിയുമായി ഹോസു കരാറിലുമെത്തിയിരുന്നു. ഇതോടെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഹോസു ഐ എസ് എല്ലിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ശക്തമായിരുന്നു.

2015,16 സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഹോസു. അതിവേഗം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ് കീഴടക്കിയ ഈ യുവതാരം തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിപ്പിക്കും. 2016 ൽ ടീമിനെ ഐ എസ് എൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കായിരുന്നു ഹോസു വഹിച്ചത്.