SHARE

ഫുട്‌ബോള്‍ ലോകത്തെ രക്തസാക്ഷിയാണ് ആന്ദ്രെ എസ്‌കോബാര്‍. കൊളംബിയന്‍ ആരാധകരുടെ കളിഭ്രാന്തിന് ഇരയായ താരം. ഇപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്നും വരുന്ന വാര്‍ത്തയും അത്ര സുഖകരമല്ല. ടീം ഫസ്റ്റ് ഡിവിഷനില്‍ പ്ലേഓഫില്‍ കടക്കാതെ പുറത്തായപ്പോള്‍ താരത്തെ വെടിവച്ചു കൊല്ലാന്‍ ആരാധകന്‍ ശ്രമിച്ചതാണ് പുതിയ നടുക്കുന്നു സംഭവം.

കൊളംബിയന്‍ ക്ലബായി ഡിപോര്‍ട്ടിവോ കാലിയുടെ ഡിഫണ്ടര്‍ യുവാന്‍ഫര്‍ ക്വിന്റിറോയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വധശ്രമത്തില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് താരം രക്ഷപ്പെട്ടത്. യുവാന്‍ഫര്‍ ക്വിന്റിറോ സഞ്ചരിച്ച കാറിനു നേര്‍ക്കു അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേല്ക്കാതെ താരം തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.

ക്വിന്റിറോയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയവരാണ് വെടിയുതിര്‍ത്തത്. താരത്തിന്റെ സഹോദരനും കാറിലുണ്ടായിരുന്നു. അക്രമികള്‍ കാറിനു സമീപമെത്തി ജനാലയില്‍ തട്ടിവിളിച്ചതിനു ശേഷം വെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപകടം മുന്നില്‍കണ്ടതോടെ യുവാന്‍ഫര്‍ ക്വിന്റിറോ കാറിനു വേഗം കൂട്ടി. ഈ സമയം അക്രമികള്‍ വെടിവച്ചു. കൊളംബിയയില്‍ കളി തോറ്റാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമാണ്.