SHARE

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമെന്ന റിക്കാര്‍ഡ് ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലാണ് ജുലന്‍ റിക്കാര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്. ലോറ വോള്‍വാര്‍ട്ടായിരുന്നു ജുലന്റെ റിക്കാര്‍ഡ് നേട്ടത്തിലെ ഇര. കഴിഞ്ഞ വര്‍ഷം മേയില്‍ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലന്‍ സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ജുലന്‍ ഐസിസി വനിതാ ബൗളര്‍മാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാമതാണ്.

ബാറ്റ്‌സ്മാന്മാരിലും ഇന്ത്യന്‍ ആധിപത്യമാണ് നിലനില്‍ക്കുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരി ഇന്ത്യയുടെ മിതാലി രാജാണ്. അടുത്തിടെ ഇന്ത്യ വനിതാ ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് ഗോസ്വാമിയുടെ പങ്ക് വളരെ വലുതാണ്. മികച്ച ഓള്‍റൗണ്ടറായ ജുലന്‍ വാലറ്റത്ത് വെടിക്കെട്ട് നടത്തുന്ന താരം കൂടിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 178 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 302 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക വെറും 124 റണ്‍സിന് പുറത്തായി. സ്മൃതി മന്ദാനയുടെ സൂപ്പര്‍ സെഞ്ചുറിയും (135) പൂനം യാദവിന്റെ നാലു വിക്കറ്റ് നേട്ടവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പൂനം റൗത്തിനൊപ്പം (20) മന്ദാന 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റൗത്ത് പോയശേഷം എത്തിയ ക്യാപ്റ്റന്‍ മിതലി രാജ് (20) പെട്ടെന്ന് മടങ്ങിയെങ്കിലും സ്മൃതി തകര്‍പ്പന്‍ ഫോമിലായിരുന്നു. ബൗളര്‍മാരെ ദയയില്ലാതെ അടിച്ചുപറത്തിയ സ്മൃതി 129 പന്തില്‍ 135 റണ്‍സെടുത്ത് 43മത്തെ ഓവറിലാണ് കളംവിട്ടത്.