SHARE

ഡച്ച് കൗമാരതാരവും, ഇതിഹാസതാരം പാട്രിക്ക് ക്ലൈവർട്ടിന്റെ മകനുമായ ജസ്റ്റൻ ക്ലൈവർട്ട് ഇറ്റാലിയൻ ക്ലബ് എ.എസ് റോമയുമായി
കരാറിലെത്തിയതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ജസ്റ്റിൻ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ എത്തി. ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാ​ഗമായാണ് വരവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഡച്ച് ക്ലബ് അയാക്കസ് ആംസ്റ്റർഡാമിന്റെ കളിക്കാരനാണ് ജസ്റ്റിൻ. 2016-ൽ സീനിയർ ടീമിൽ ഇടം നേടിയ ജസ്റ്റിൻ ഇതുവരെ 56 മത്സരങ്ങളിൽ നിന്ന് 13 ​ഗോളുകൾ നേടിയിട്ടുണ്ട്. ഇടതുവിങ്ങറായി കളിക്കുന്ന ജസ്റ്റിൻ ഈ വർഷം നെതർലൻഡ് ദേശീയ ടീമിലും അരങ്ങേറ്റം കറിച്ചു. അയാക്കസുമായി ജസ്റ്റിന് ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. എന്നാൽ അയാക്കസ്, തന്റെ താൽപര്യമില്ലാത്തെ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന് കൈമാറാൻ ശ്രമിക്കുന്നതായി ജസ്റ്റിൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിനും ക്ലബും തമ്മിൽ ഇടഞ്ഞു.

പിതാവ് കളിച്ചിരുന്ന ബാഴ്സലോണയിൽ കളിക്കുന്നതാണ് തന്റെ സ്വപ്നമെന്ന് മുമ്പ് ജസ്റ്റിൻ പറഞ്ഞിരുന്നു. ജസ്റ്റിനെ ടീമിലെത്തിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യോയ്ക്ക് താൽപര്യമുണ്ടായിരുന്നു. റോമയോടൊപ്പം യുണൈറ്റഡും ജസ്റ്റിനായി വലവിരിച്ചിരുന്നു. അതേസമയം ഒന്നരക്കോടി യൂറോയാണ് ജസ്റ്റിനെ സ്വന്തമാക്കാൻ റോമ മുടക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.