SHARE

2011 ജനുവരി മാസത്തിൽ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ കളിച്ചുകൊണ്ടാണ്‌ ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിന് തുടക്കമിട്ടത്. പിന്നീടിങ്ങീട്ട് നിശ്ചിത ഓവർ മത്സരങ്ങളിൽ ഓസീസിന്റെ അവിഭാജ്യ ഘടകമായെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോളിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഏഴ് വർഷങ്ങൾക്ക്‌ശേഷം തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങുകയാണ്‌ ഫിഞ്ച്. ഈ മാസം ഒക്ടോബർ ഏഴിന് പാകിസ്ഥാനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ കളിച്ചാണ് ഫിഞ്ച് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുക.

ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗറാണ് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ‌ ഫിഞ്ച് കളിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഫിഞ്ചിനൊപ്പം യുവ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡും പാകിസ്ഥാനെതിരെ അരങ്ങേറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം പരിശീലന മത്സരത്തിനിടെ പരിക്കേറ്റ മാത്യൂ റെൻഷായ്ക്ക് മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് സൂചന.

-Advertisement-

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഒക്ടോബർ 7 മുതൽ 11 വരെ ദുബായിൽ ആദ്യ മത്സരവും, 16 മുതൽ 20 വരെ അബുദാബിയിൽ രണ്ടാം മത്സരവും നടക്കും.