SHARE

ടി20 ലോകകപ്പിലും ആഷസ് പരമ്പരയിലും ഉജ്ജ്വലവിജയം നേടിക്കൊടുത്തെങ്കിലും ഓസ്ട്രേലിയ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് ജെസ്റ്റിൻ ലാം​ഗർ പുറത്തായേക്കും. ഈ ആഴ്ച ചേരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ യോ​ഗത്തിന് ശേഷം ലാം​ഗറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവിധ ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

ഓസ്ട്രേലിയ ദേശീയ ടീം പരിശീലകസ്ഥാനത്ത് ലാം​ഗറിന്റെ നാല് വർഷത്തെ കരാർ ജൂണിൽ അവസാനിക്കും. അങ്ങനെവന്നാൽ മാർച്ചിൽ നടക്കുന്ന പാകിസ്ഥാൻ പരമ്പരയാകും ലാം​ഗറിന്റെ ടീമിനൊപ്പമുള്ള അവസാന ദൗത്യം. പക്ഷെ ലാം​ഗറിന്റെ കരാർ പുതുക്കാൻ പദ്ധതിയില്ലെങ്കിൽ അദ്ദേഹം പാകിസ്ഥാൻ പര്യടനത്തിൽ ടീമിനൊപ്പമുണ്ടായേക്കില്ല.

കുറച്ചുനാളുകൾക്ക് മുമ്പ് ഇപ്പോഴത്തെ ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസ് അടക്കമുള്ള പ്രധാന താരങ്ങളും ലാം​ഗറും തമ്മിലുള്ള ബന്ധം വളരെ വഷളായിരുന്നു. ഇതോടെ ലാം​ഗർ വലിയ സമ്മർദം നേരിട്ടിരുന്നു. എന്നാൽ ടി20 ലോകകപ്പിലും ആഷസ് പരമ്പരയിലും വിജയം നേടിയതോടെ പരിശീലകനെന്ന നിലയിൽ ലാം​ഗറിന്റെ ​ഗ്രാഫ് ഉയർന്നു. പക്ഷെ അദ്ദേഹത്തെ നിലനിർത്തുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം വന്നിട്ടില്ല.

പരിശീലകസ്ഥാനത്തേക്ക് വീണ്ടും പരി​ഗണിക്കണമെങ്കിൽ ലാം​ഗർ പുതിയ അപേക്ഷ നൽകേണ്ടിവരുമെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ക്രിക്കറ്റ് ഓസ്ട്രേലിയ നിഷേധിച്ചു. ഇതിനുപിന്നാലെയാണ് ലാം​ഗറിന്റെ കരാർ ഹ്രസ്വകാലത്തേക്ക് മാത്രം പുതുക്കാനാണ് അധികൃതരുടെ പദ്ധതിയെന്ന് ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ​ഹ്രസ്വകാല കരാർ പുതുക്കലിനോട് ലാം​ഗറിന് താൽപര്യമില്ലന്നാണ് സൂചനകൾ. അങ്ങനെവന്നാൽ പാക്സ്ഥാൻ പരമ്പരയ്ക്ക് മുമ്പ് തന്ന ലാം​ഗറിനെ മാറ്റാനുള്ള സാധ്യതകളാണ് തെളിയുന്നത്.