SHARE

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കിടെ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. ഇന്ത്യയെയായിരുന്നു പരിക്കുകൾ കൂടുതലും വലച്ചത്‌. ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, മയങ്ക് അഗർവാൾ, ജസ്പ്രിത് ബുംറ, രവിചന്ദ്രൻ അശ്വിൻ, ഹനുമ വിഹാരി എന്നീ ഇന്ത്യൻ താരങ്ങളാണ് ഈ പരമ്പരയ്ക്കിടെ പരിക്കിന്റെ പിടിയിലായത്. ഓസ്ട്രേലിയൻ താരങ്ങളിൽ പണി കിട്ടിയത് ഡേവിഡ് വാർണർക്കും, വിൽ പുകുവോസ്കിക്കുമാണ്. ഇരു ടീമിലേയും കളികാർ പരിക്കുകളാൽ വലയുന്നതിനിടെ ഇപ്പോളിതാ താരങ്ങളുടെ പരിക്കുകൾക്ക് കാരണം കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആണെന്ന തരത്തിൽ അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ.

കഴിഞ്ഞ വർഷം യു എ ഇ യിൽ നടന്ന ഐപിഎല്ലിന്റെ സമയം ഉചിതമായിരുന്നില്ലെന്ന് പറയുന്ന ലാംഗർ, ഇത് പോലൊരു വലിയ സീരീസിന് മുൻപ് ഐപിഎൽ പോലൊരു ടൂർണമെന്റ് വന്നത് കളികാരുടെ പരിക്കുകൾക്ക് കാരണമായതായി താൻ കരുതുന്നുവെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ഐപിഎല്ലിന്റെ സമയം ആർക്കും അനുയോജ്യമല്ലായിരുന്നുവെന്ന് പറയുന്ന ഓസീസ് പരിശീലകൻ പക്ഷേ ഐപിഎല്ലിനെ പ്രശംസിക്കുന്നതിനും മടികാണിച്ചില്ല‌.

“എനിക്ക് ഐപിഎൽ ഇഷ്ടമാണ്‌. ഐപിഎൽ കളിക്കുന്നത് ഞങ്ങളുടെ യുവ കളികാരുടെ ക്രിക്കറ്റ് വികസനത്തിൽ വളരെയധികം സഹായിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രകടനം മെച്ചപ്പെടുത്താൻ ഐപിഎൽ അവരെ സഹായിക്കുന്നു. എന്നാൽ അതിന്റെ സമയം (കഴിഞ്ഞ ഐപിഎൽ) കോവിഡിനൊപ്പം സംഭവിച്ചത് കൊണ്ട് അനുയോജ്യമല്ലായിരുന്നു. മാത്രമല്ല വേനൽക്കാലത്ത് ഇരു ടീമുകളിലും കാണുന്ന പരിക്കുകളിൽ ഇത് സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് ഞാൻ ചിന്തിക്കുന്നു.” ലാംഗർ പറഞ്ഞു നിർത്തി.