SHARE

ഓസ്ട്രേലിയൻ ​ദേശീയ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ജെസ്റ്റിൻ ലാം​ഗർ പടിയിറങ്ങി. കഴിഞ്ഞ ​ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതരുമായി നടത്തിയ ദൈർഘ്യമേറിയ ചർച്ചകൾക്കൊടുവിലാണ് ലാം​ഗർ ഈ തീരുമാനമെടുത്തത്. ലാം​ഗറിന്റെ പ്രതിനിധികളും ക്രിക്കറ്റ് ഓസ്ട്രേലിയയും ഇക്കാര്യം സ്ഥിരീകരിച്ചു.

2018 മുതൽ ഓസ്ട്രേലിയയുടെ പരിശീലകനാണ് ലാം​ഗർ. എന്നാൽ ഇടക്കാലത്ത് ടീമിലെ പ്രധാനതാരങ്ങളുമായുള്ള ലാം​ഗറിന്റെ ബന്ധം വഷളായിരുന്നു. ഇതോടെ ലാം​ഗറിന് മേൽ സമ്മർദമുയർന്നിരുന്നു. എന്നാൽ ടി20 ലോകകപ്പിലും പിന്നീട് ആഷസ് പരമ്പരയിലും ഓസ്ട്രേലിയ ഉജ്ജ്വലവിജയം നേടിയതോടെ പരിശീലകനെന്ന നിലയിൽ ലാം​ഗറിന്റെ ​ഗ്രാഫ് ഉയർന്നു. പക്ഷെ പരിശീലസ്ഥാനത്ത് ലാം​ഗർ തുടരാനുള്ള സാധ്യത കുറവാണെന്ന് സൂചനകൾ ശക്തമായിരുന്നു.

ഈ ജൂണിൽ ലാം​ഗറിന്റെ കരാർ അവസാനിക്കുമായിരുന്നു. പുതിയ ദൈർഘ്യമേറിയ കരാറാണ് ലാം​ഗർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഹ്രസ്വകാല കരാർ മാത്രമാണ് അധികൃതർ വാ​ഗ്ദാനം ചെയ്തത്. ഈ ഓഫർ തള്ളിയശേഷമാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം ലാം​ഗർ കൈക്കൊണ്ടത്. ലാം​ഗർ രാജിവച്ചതോടെ നിലവിലെ സഹപരിശീലകൻ ആൻഡ്രു മക്ക്ഡോണൾഡ് ഓസ്ട്രേലിയൻ ടീമിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കും.