SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന സൂപ്പർ ഫുട്ബോൾ താരത്തെ ലഭിച്ചിട്ടും മടുപ്പിക്കുന്ന പ്രതിരോധഫുട്ബോൾ കളിക്കുന്ന പരിശീകൻ മാസിമില്യാനോ അല്ലെ​ഗ്രിക്കെതിരെ യുവന്റസിൽ പടയൊരുക്കം. റൊണാൾഡോയുൾപ്പെടെയുള്ള താരങ്ങൾ അല്ലെ​ഗ്രിയുടെ കളിശൈലിക്ക് എതിരായതോടെ അടുത്ത സീസണിൽ യുവന്റസ് പുതിയ പരിശീലകനെ തേടിയേക്കും

റൊണാൾഡോ എത്തിയതോടെ യുവന്റസിന് മാത്രമല്ല സെരി എയ്ക്കും ഒട്ടേറെ നേട്ടമുണ്ടായി. സെരി എ മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. എന്നാൽ റയൽ മഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും അറ്റാക്കിങ് ഫുട്ബോൾ കളിച്ചിരുന്ന റൊണാൾഡോ യുവന്റസിന്റെ പ്രതിരോധഫുട്ബോളിന്റെ ഭാ​ഗമായത് ആരാധകർക്ക് ഒട്ടും തന്നെ രസിച്ചില്ല.സുരക്ഷിതമായി മത്സരം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി പ്രതിരോധത്തിലൂന്നിയാണ് അല്ലെ​ഗ്രിയുടെ തന്ത്രങ്ങൾ

സെരി എയിൽ കാലങ്ങളായുള്ള അപ്രമാദിത്വത്തന് കുഴപ്പമൊന്നുമില്ലാത്തതിനാൽ ഇപ്പോഴും യുവന്റസ് തന്നെയാണ് മുന്നിൽ. എന്നാൽ ഇറ്റലിയിലെ തന്നെ കോപ്പാ ഇറ്റാലയ പോരാട്ടത്തിലും ചാമ്പ്യൻസ് ലീ​ഗ് പോരാട്ടത്തിലും യുവന്റസിന് കനത്ത തിരിച്ചടി നേരിട്ടു. കോപ്പാ ഇറ്റാലിയയിൽ അറ്റലാന്റയോട് തോറ്റ് യുവന്റസ് ക്വാർട്ടറിൽ പുറത്തായി. ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിലിപ്പോൾ ആദ്യ പാദ മത്സരത്തിൽ അത്ലെറ്റിക്കോ മഡ്രിഡിനോടും തോറ്റു

ഏറ്റവും നിർണായക മത്സരങ്ങളിൽ പോലും ആക്രമിച്ച് കളിക്കാൻ അല്ലെ​ഗ്രി മടക്കുന്നതിനാണ് വിമർശനങ്ങൾ നേരിടുന്നത്. അത്ലെറ്റിക്കോയ്ക്കെതിരെ ഇനി സ്വന്തം ​ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ മൂന്ന് ​ഗോൾ വ്യത്യസത്തിലെങ്കിലും ജയിച്ചാലെ യുവന്റസിന് ചാമ്പ്യൻസ് ലീ​ഗിൽ തുടരാനാകു. ഈ മത്സരം അല്ലെ​ഗ്രിയുടെ ഭാവി തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ