SHARE

കൗമാരതാരങ്ങളെ സ്വന്തമാക്കാൻ വൻ ക്ലബുകൾ മത്സരിക്കുന്ന കാലമാണിത്. റെക്കോർഡ് തുകയ്ക്ക് ജാവോ ഫെലിക്സ് അത്ലെറ്റിക്കോ മഡ്രിഡിലെത്തിയതും എർലിങ് ഹലാൻഡിനായി വൻ ക്ലബുകൾ വിലപറയുന്നതും സമീപകാലത്തെ ശ്രദ്ധേയ ട്രാൻസ്ഫർ വാർത്തകളാണ്.

ഇത്തരത്തിൽ ശ്രദ്ധനേടിയ ഒരു കൗമാരതാമാണ് സ്വീഡന്റെ ഡെജാൻ കുലുസേവ്സ്കി. ഇറ്റാലിയൻ ക്ലബ് അന്റലാൻ്റയിൽ നിന്ന് പാർമയ്ക്കായി ലോണിൽ കളിക്കുകയാണ് ഈ മിഡ്ഫീൽഡർ. ഇതിനകം തന്നെ സെരി എയിൽ ഒന്നാമതുള്ള യുവന്റസും രണ്ടാമതുള്ള ഇന്റർ മിലാനും തമ്മിൽ ഈ 19-കാരനെ സ്വന്തമാക്കാൻ മത്സരം നടക്കുകയാണ്. ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ബോളോ​ഗ്നക്കെതിരായ പാർമയുടെ സെരി എ മത്സരത്തിൽ കുലുസേവ്സ്കിയെ നോട്ടമിട്ട് ഇരുക്ലബുകളുടേയും പ്രതിനിധികൾ ഉണ്ടായിരുന്നു.

ഈ സീസണിൽ പാർമയ്ക്കായി മിന്നുന്ന പ്രകടനാണ് കുലുസേവ്സ്കി നടത്തുന്നത്. പതിമൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ​ഗോളുകളും നേടി. ക്ലബിലെ ഈ കിടിലൻ പ്രകടനം ദേശീയ ടീമിലേക്കും താരത്തിന് വഴിതെളിച്ചു.

താരത്തിനായി 45 ദശലക്ഷം യൂറോ വരെ ചോദിക്കാനാണ് അറ്റലാന്റെ ഒരുങ്ങുന്നതെന്നാണ് സൂചന. മധ്യനിര ഒന്നുകൂടി ബലപ്പെടുത്താൻ ഒരുങ്ങുന്ന ഇന്ററും യുവന്റസും ഈ തുക നൽകാൻ തയ്യാറാണെന്നും സൂചനയുണ്ട്. അതിനിടെ ചില ഇം​ഗ്ലീഷ് ക്ലബുകളും സ്വീഡിഷ് താരത്തിനായി രം​ഗത്തുണ്ട്.