SHARE

സിരി എ യില്‍ യുവന്റസിന് വിജയം. പാര്‍മയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം റോണോയുടെ മികവിലായിരുന്നു യുവന്റസിന്റെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ആരാധക ഹൃദയങ്ങളെ ആവേശത്തിലാഴ്ത്തി ഇരട്ട ഗോളുകളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പാദങ്ങളില്‍ നിന്നും പിറന്നത്.

ആദ്യ പകുതി അവസാനത്തോടടുക്കുമ്പോളായിരുന്നു യുവന്റസ് ലീഡ് നേടിയത്. 43-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ 55-ാം മിനിറ്റില്‍ തന്നെ മറുപടി നല്‍കിയ പാര്‍മ സമനില പിടിച്ചു. കൊര്‍ണേലിയസിലൂടെയായിരുന്നു പാര്‍മയുടെ ഗോള്‍. ഇതോടെ വീണ്ടും പോരാട്ടത്തിന് വാശി കൂടി.

മൂന്നു മിനിട്ടുകള്‍ക്കു ശേഷം 58-ാം മിനിറ്റില്‍ റൊണാള്‍ഡോ തന്നെ യുവന്റസിനായി വിജയ ഗോള്‍ നേടി. തുടര്‍ന്നും ഹാട്രിക്കിലേയ്‌ക്കെത്താന്‍ റോണോയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും പാര്‍മ ഗോളിയുടെ മികച്ച പ്രകടനം ഇത് തടഞ്ഞു. കോപ്പ ഇറ്റാലിയയില്‍ കരുത്തരായ റോമയ്‌ക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.