SHARE

കഴിഞ്ഞ ദിവസം സെരി എ മത്സരത്തിനിടെ പിൻവലിച്ചതിൽ കലപ്പിൽ തുടരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി യുവന്റസ്. ക്ലബ് വൈസ് ചെയർമാൻ കൂടിയായ പാവേൽ നെദ്വെദ് ഇതിനായി നേരിട്ടിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

എ.സി.മിലാനെതിരായ മത്സരത്തിന്റെ 55-ാം മിനിറ്റിലാണ് റൊണാൾഡോയെ പിൻവലിച്ച് പരിശീലകൻ മൗറീഷ്യോ സാരി പൗളോ ഡിബാലയെ ഇറക്കിയത്. ഇതിൽ അതൃപ്തനായ റൊണാൾഡോ സൈഡ് ബെഞ്ചിലിരിക്കാതെ സാരിയോട് തർക്കിച്ച ശേഷം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് മത്സരം അവസാനിക്കും മുമ്പ് തന്നെ റൊണാൾഡോ സ്റ്റേഡിയം വിട്ടെന്നും റിപ്പോർട്ടുകൾ വന്നു.

റൊണാൾഡോയുടെ ഈ പ്രവർത്തികൾ കടുത്ത വിമർശനമേറ്റുവാങ്ങി. എന്നാൽ താരത്തിനെതിരെ പിഴ ചുമത്താൻ ക്ലബ് തയ്യാറിയില്ല. ഇതോടൊപ്പം വിവാദത്തക്കുറിച്ച് സംസാരിക്കാൻ നെദ്വെദും സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പാരാറ്റിഷിയും റൊണാൾഡോയുമായി അനൗദ്യോ​ഗിക കൂടിക്കാഴ്ച നടത്തും. നെദ്വെദ് ഇക്കാര്യം പറയാനായി റൊണാൾഡോയുടെ ഏജന്റിനെ വിളിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

റൊണാൾഡോയെ അനുനയിപ്പിക്കുന്നതിനൊപ്പം താരത്തിന്റെ പ്രവർത്തിയിൽ ടീമം​ഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും ഇവർ ചർച്ച ചെയ്യും.സഹതാരങ്ങളോട് മാപ്പ് പറയാൻ റൊണാൾഡോ തയ്യാറായേക്കും എന്നും സൂചനയുണ്ട്.