SHARE

2020-21 സീസണ് മുൻപായി തങ്ങളുടെ മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ബാഴ്സലോണ സൂപ്പർ താരം ലൂയി സുവാരസിനെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് സ്വന്തമാക്കുമെന്നായിരുന്നു നേരത്തെ സൂചനകൾ. താരവുമായി ക്ലബ്ബ് ധാരണയിലെത്തിയതാായും ഈയാഴ്ചയോടെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ വന്നു.

എന്നാൽ ഇപ്പോളിതാ ലൂയി സുവാരസല്ല യുവന്റസിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവന്റസിന്റെ ട്രാൻസ്ഫർ നീക്കങ്ങളെക്കുറിച്ച് ആധികാരികമായി അറിയാവുന്ന ഫുട്ബോൾ ഏജന്റ് ജിയോവാനി ബ്രാഞ്ചീനി. കഴിഞ്ഞ ദിവസം ഇറ്റാലിയൻ റേഡിയോ സ്റ്റേഷനായ റേഡിയോ ഡീജേയോട് സംസാരിക്കുമ്പോളായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

മുൻപ് യുവന്റസിൽ കളിച്ചിരുന്ന സ്പാനിഷ് താരം അൽവാരോ മൊറാത്തയെ ഇക്കുറി ക്ലബ്ബിലെത്തിക്കാനാണ്‌ യുവന്റസിന്റെ പദ്ധതികളെന്നാണ് ബ്രാഞ്ചീനി പറയുന്നത്. സുവാരസിനെ യുവന്റസ് ടീമിലെത്തിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം, ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ മൊറാത്തയ്ക്കായി ക്ലബ്ബ് ശക്തമായി രംഗത്തുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം ഇരുപത്തിയെട്ടുകാരനായ മൊറാത്തയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡ്, 80 മില്ല്യൺ യൂറോയാണ് വിലയിട്ടിരിക്കുന്നതെന്നാണ് സൂചനകൾ. താരത്തിന്റെ ഈ ഉയർന്ന വില മാത്രമാണ് യുവന്റസിന് മൊറാത്തയെ സ്വന്തമാക്കുന്നതിന് അല്പം തലവേദന നൽകുന്നത്‌. ഈയാഴ്ചയോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.