SHARE

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ യുവന്റസ് പരിശീലകൻ അന്ദ്രെ പിർലോ ഏറ്റവുമധികം പരിഗണന നൽകിയിരുന്ന താരങ്ങളിലൊരാളായ ഇറ്റാലിയൻ വിംഗർ ഫെഡറിക്കോ ചീസ, സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം യുവന്റസിലെത്തി. ഫിയോറന്റീനയിൽ നിന്ന് രണ്ട് വർഷ ലോണിലാണ് യുവന്റസ് ഇപ്പോൾ ഈ ഇരുപത്തിരണ്ടുകാരൻ വിംഗറെ സ്വന്തമാക്കിയിരിക്കുന്നത്.

രണ്ട് വർഷ ലോണിൽ ചീസയെ സ്വന്തമാക്കിയ യുവന്റസ് ആദ്യ ഒരു വർഷം 2 ദശലക്ഷം യൂറോയും, രണ്ടാം വർഷം 8 ദശലക്ഷം യൂറോയുമാണ് താരത്തിനായി മുടക്കുക. താരത്തെ സ്ഥിരമായി വാങ്ങാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി ചീസയെ സ്വന്തമാക്കണമെങ്കിൽ 40 മില്ല്യൺ യൂറോയാവും യുവന്റസിന് മുടക്കേണ്ടി വരിക.

2016 മുതൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റീനയുടെ താരമാണ് വിംഗറായ ചീസ. കഴിഞ്ഞ സീസണുകളിൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത് യൂറോപ്പിൽ ശ്രദ്ധ പിടിച്ചു പറ്റിയ ചീസ, അവസാന സീസൺ സീരി എയിൽ 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും, 9 അസിസ്റ്റുകളും സ്വന്തമാക്കി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചിരുന്നു.