SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ് വിടാനൊരുങ്ങുകയാണ് ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ചെന്ന് സൂചന. ക്ലബിനൊപ്പം മൻസൂക്കിച്ച് ഇപ്പോൾ പരിശീലനത്തിന് ഇറങ്ങുന്നില്ലെന്ന് പരിശീലകൻ തന്നെ അറിയിച്ചതോടെയാണ് താരം ക്ലബ് വിടുമെന്നുള്ള സൂചന ലഭിച്ചത്.

2015 മുതൽ യുവന്റസിന്റെ താരമാണ് മൻസൂക്കിച്ച്. എന്നാൽ ഇക്കുറി പരിശീലകനായി മൗറീഷ്യോ സാരി എത്തിയതോടെ മൻസൂക്കിച്ചിന്റെ ടീമിലെ സ്ഥാനം തെറിച്ചു. ഈ സീസണിൽ യുവന്റസിനായി ഒരൊറ്റ മിനിറ്റ് പോലും മൻസൂക്കിച്ച് കളിച്ചില്ല. ഇതിനുപിന്നാലെയാണിപ്പോൾ താരം പരിശീലനത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ക്ലബുമായുള്ള ധാരണപ്രകാരമാണ് മൻസൂക്കിച്ച് പരിശീലനത്തിനിറങ്ങാത്തതെന്നാണ് സാരി പറയുന്നത്.

അതേസമയം ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ മൻസൂക്കിച്ച് ക്ലബ് വിടുമെന്ന് സൂചനകൾ ഉണ്ട്. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബ് തന്നെയായി എ.സി.മിലാൻ എന്നിവരാണ് മൻസൂക്കിച്ചിനായി രം​ഗത്തുള്ളത്. ഈ ചർച്ചകൾ നടക്കുന്നതിനാലാണ് ഇപ്പോൾ താരത്തെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കിയതെന്നും വാർത്തകളുണ്ട്.