ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ് യുവസ്ട്രൈക്കർ ജിയാൻലൂക്കാ സമാസയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ. ഇറ്റാലിയൻ സ്ട്രൈക്കറായ സമാസ ഇപ്പോൾ സസ്സോളോയിൽ, നിന്ന് ജെനോവയ്ക്കായി ലോണിൽ കളിക്കുകയാണ്. താരത്തെ സ്വന്തമാക്കാൻ യുവന്റസ് സസ്സോളോയുമായി ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസത്തെ സെരി എ മത്സരത്തിനിടെ സൂപ്പർതാരം പൗളോ ഡിബാലയ്ക്ക് പരുക്കേറ്റിരുന്നു. കുറച്ച് ആഴ്ചകൾ ഡിബാല കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം മറ്റൊരു സ്ട്രാക്കറായ അൽവാരോ മൊറാത്തയും സ്ഥിരം പരുക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് പകരം സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
ജെനോവയുമായി സീസൺ അവസാനം വരെ സമാസയ്ക്ക് ലോൺ കരാറുണ്ട്. എന്നാൽ മികച്ച ഓഫറുകൾ വരുന്ന മുറയ്ക്ക്, നഷ്ടപരിഹാരം ലഭിച്ചാൽ ലോൺ കരാരിൽ നിന്ന് മാറിനിൽക്കാൻ ജനോവ തയ്യാറാണ്. അതേസമയം യുവന്റസിന് പുറമെ മറ്റൊരു ഇറ്റാലിയൻ വമ്പന്മാരായ എ.സി.മിലാനും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.