SHARE

ഇറ്റാലിയൻ സൂപ്പർ കപ്പിൽ യുവന്റസ് കിരീടമുയർത്തി. കരുത്തരായ എ സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. യുവന്റസ് ജേഴ്സിയിൽ റോണോയുടെ ആദ്യ കിരീടമാണിത്.

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ഇരു ടീമുകളും ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ഗോളുകൾ മാത്രം അകന്ന് നിന്നു. ഇതിനിടെ യുവന്റസ് മധ്യനിര താരം മാറ്റ്യൂഡി ഒരു തവണ ഗോൾ വല കുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു‌‌. അറുപത്തിയൊന്നാം മിനുറ്റിലാണ് യുവന്റസിന്റെ വിജയ ഗോൾ പിറന്നത്. ഹെഡറിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. പിന്നീട് ഗോൾ തിരിച്ചടിക്കാൻ മിലാൻ ടീം ശ്രമിച്ചുകൊണ്ടേയിരുന്നെങ്കിലും ഉലയാതെ നിന്ന യുവന്റസ് പ്രതിരോധം അതിന് തടസമായി.

യുവന്റസിന്റെ തുടർച്ചയായ ഏഴാം സൂപ്പർ കപ്പ് പോരാട്ടമായിരുന്നു ഇന്നലത്തേത്‌. കിരീടത്തിൽ മുത്തമിട്ടതോടെ, ഏറ്റവുമധികം തവണ (എട്ട്) സൂപ്പർ കപ്പ് നേടുന്ന ടീമായും യുവന്റസ് മാറി.