SHARE

ഇറ്റാലിയൻ മധ്യനിരയിലെ ഭാവി വാ​ഗ്ദാനം സാൻഡ്രോ ടോണലിയെ സ്വന്തമാക്കാൻ ശ്രമങ്ങളുമായി സൂപ്പർ ക്ലബ് യുവന്റസ്. സെരി എയിൽ ഇപ്പോൾ അവസാന സ്ഥാനത്തുള്ള ബ്രെസിയ താരമായ ടോണലിക്കായി അമ്പത് ദശലക്ഷം യൂറോ വരെ മുടക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാർ തയ്യാറാണ്.

പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ടോണലി മിഡ്ഫീൽഡിൽ വിവിധ റോളുകളിൽ കളിക്കാൻ കഴിയുന്ന താരമാണ്. ഇതിനകം തന്നെ രൂപസാദൃശ്യം കൊണ്ടും കളിശൈലി കൊണ്ടു ഇതിഹാസതാരം ആന്ദ്രേ പിർലോയുമായാണ് ടോണലിയെ താരതമ്യം ചെയ്യുന്നത്. ഈ സീസണിൽ ബ്രെസിയ മോശം ഫോമിലാണ് കളിക്കുന്നതെങ്കിലും, ടോണലി ശ്രദ്ധേയ പ്രകടനങ്ങൾ നടത്തി. ഇതോടെ ഇറ്റാലിയൻ ദേശീയ ടീമിലും പലതവണ കളിക്കുകയും ചെയ്തു.

ഈ വർഷത്തെ കിരീപ്പോരാട്ടത്തിൽ ഇന്റർ മിലാൻ കടുത്ത വെല്ലുവിളിയുയർത്തുന്നതിനാൽ ടീമിൽ പുതിയ താരങ്ങളെ എത്തിക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട്. ഇതോടെയാണ് ടോണലിയിലേക്ക് നോട്ടമെത്തിയത്. ടോണലിയെ അങ്ങനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ബ്രെസിയ തയ്യാറായേക്കില്ലെന്ന സൂചനയുണ്ട്. അതിനാൽ തന്നെ ശ്രമങ്ങൾ തീവ്രമാക്കാൻ യുവന്റസ് ഒരുങ്ങിയെന്നാണ് വാർത്തകൾ.

അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നും ടോണലിക്ക് ആവശ്യക്കാരുണ്ട്. ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ, ഫ്രഞ്ച് ക്ലബ് പി.എസ്.ജി തുടങ്ങിയവരും ഈ യുവതാരത്തിനായി രം​ഗത്തുണ്ടെന്നാണ് വാർത്തകൾ. ഇത് യുവന്റസിന് വലിയ വെല്ലുവിളിയുയർത്തും